സുരേഷ് കുമാറിന്റെ ലളിത ജീവിതം കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ.... കാര്‍ഡ് ബോര്‍ഡിലും, പ്ലാസ്റ്റിക് കവറുകളിലും അലക്ഷ്യമായി പൊതിഞ്ഞ് വച്ച കോടികൾ: 17 കിലോ നാണയം, ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി, തേൻ, എല്ലാം കൈക്കൂലിയായി കിട്ടിയത്:- ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഞെട്ടി; കണ്ടെത്തിയത് സംസ്ഥാന വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃത സമ്പാദ്യം....
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ കൈകൂലികൊണ്ട് നയിച്ചിരുന്നത് ലളിതമായ ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സൂക്ഷിച്ചിരുന്നത് സ്വന്തമായി വീട് വയ്ക്കാനാണെന്നാണ് പൊലീസിന് മൊഴി നൽകിയത്. ഇയാളുടെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഞെട്ടിയത് കാര്‍ഡ് ബോര്‍ഡിലും പ്ലാസ്റ്റിക് കവറുകളിലും അലക്ഷ്യമായി പൊതിഞ്ഞുവെച്ച നോട്ടുകെട്ടുകള്‍ കണ്ടാണ്.
ഇവ എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥർ മണിക്കൂറുകളെടുത്തു. ഒരു കോടിയിലേറെയാണ് പണമായി തന്നെ കണ്ടെടുത്തത്. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂർത്തിയായത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ ഏതാണ്ട് 17 വർഷത്തോളമായി പാലക്കാട് മണ്ണാർകാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്തുവരികയായിരുന്നു.
പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് നോട്ടുകെട്ടുകള്‍ ഇരുന്നത്. അത്രത്തോളം പഴക്കം നോട്ടുകൾക്ക് ഉണ്ട്. ചോദ്യം ചെയ്തപ്പോൾ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.
അവിവാഹിതൻ ആയിരുന്നതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വന്നിരുന്നില്ലെന്ന് സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖയും 17 കിലോ നാണയവും സുരേഷിന്റെ മുറിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്ന് പണം വിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവിൽ ഇയാളുടെ സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്.
കൈക്കൂലിയായി എന്തുകിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസ് പറയുന്നത്. പണത്തിനുപുറമേ കവർ പൊട്ടിക്കാത്ത പത്ത് ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, പത്ത് ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേന എന്നിവയും സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തു. 2500 രൂപ മാസവാടകയ്ക്കാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ താമസിച്ചിരുന്ന മുറി പോലും പൂട്ടാതെ സുരേഷ് പുറത്തുപോകുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃതസമ്പാദ്യമാണ് ഇതെന്നാണ് കരുതുന്നത്.
പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മണ്ണാര്‍ക്കാട്ട് നടന്ന സംസ്ഥാനസര്‍ക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍ പിടിയിലാവുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്.
കൈക്കൂലി പണവുമായി പിടിയിലായ സുരേഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തുനിന്നും അനധികൃതസമ്പാദ്യമെന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. മണ്ണാര്‍ക്കാട് നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകമുറിയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്. മുറിയില്‍നിന്ന് 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. ഇയാളുടെ തിരുവനന്തപുരം ചിറയിന്‍കീഴിലുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത പണം സംബന്ധിച്ച് അടുത്തദിവസങ്ങളില്‍ വിശദമായ പരിശോധന നടത്തും. സുരേഷ് കുമാറിനെക്കുറിച്ച് വിജിലൻസിന് പരാതി ലഭിക്കുന്നത് ഇതാദ്യമാണ്. മുൻപ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിരുന്നില്ല. സുരേഷിനെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകുമെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha