വിക്രം ലാന്‍ഡറിനും, പ്രഗ്യാന്‍ റോവറിനുമെല്ലാം എന്ത് സംഭവിക്കും...? ചന്ദ്രയാന്‍-3 ഭൂമിയിലേക്ക് തിരിച്ച് വരുമോ...?
രാജ്യത്തിന് അഭിമാനമായി ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. പക്ഷേ ഏതൊരു ശാസ്ത്ര പ്രേമിക്കും മനസ്സിലുണ്ടാവുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അടുത്ത ഘട്ടങ്ങള്‍ എന്തൊക്കെയാണ്. ചന്ദ്രയാനും, വിക്രം ലാന്‍ഡറിനും, പ്രഗ്യാന്‍ റോവറിനുമെല്ലാം എന്ത് സംഭവിക്കും? എന്നിങ്ങനെ... അടുത്ത 14 ദിവസം ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ 14 ദിവസം ഒരു ചാന്ദ്ര ദിനമായിട്ടാണ് കണക്കാക്കുന്നത്. പ്രഗ്യാന്‍ നിരവധി പരീക്ഷണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തില്‍ നടത്തും. റോവര്‍ അതിന്റെ ഡാറ്റകള്‍ ലാന്‍ഡറിലേക്ക് അയക്കും. അവിടെ നിന്ന് അത് ഭൂമിയിലേക്കും അയക്കും. എന്നാല്‍ 14 ദിവസത്തിന് ശേഷം എന്ത് സംഭവിക്കും? അത് നിർണായകമാണ്...
പതിനാല് ദിവസത്തിന് ശേഷം ചന്ദ്രനില്‍ രാത്രിയാണ്. അത് അടുത്ത പതിനാല് ദിവസത്തോളം നീണ്ട് നില്‍ക്കും. അതിശൈത്യ കാലാവസ്ഥയാണ് ചന്ദ്രനില്‍ ആ സമയത്തുണ്ടാവുക. ഈ സമയത്ത് വിക്രം ലാന്‍ഡറോ, പ്രഗ്യാന്‍ റോവറോ പ്രവര്‍ത്തിക്കില്ല.
കാരണം ഇവ സൂര്യപ്രകാശത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. പതിനാല് ദിവസത്തോളം ഇവ നിര്‍ജീവമായിരിക്കും. യാതൊരു വിവരങ്ങളും ലഭിക്കില്ല. എന്നാല്‍ സൂര്യന്‍ ചന്ദ്രന് മേല്‍ ഉദിച്ചുയരുമ്പോള്‍ ഇവ സജീവമാകാനുള്ള സാധ്യത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. അങ്ങനെയാണെങ്കില്‍ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യക്ക് അതൊരു ബോണസായിരിക്കും.
ചന്ദ്രയാന്‍ മൂന്ന് ഒരിക്കലും ഭൂമിയിലേക്ക് തിരിച്ചുവരില്ല. വിക്രമും, പ്രഗ്യാനും, അതുപോലെ മടങ്ങില്ല. അവര്‍ ചന്ദ്രനില്‍ തന്നെ തുടരും. ചന്ദ്രയാന്‍ മൂന്നിന്റെ മൊത്ത ഭാരം 3900 കിലോഗ്രാമാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭാരം 2148 കിലോഗ്രാമും, ലാന്‍ഡര്‍ മൊഡ്യൂള്‍ ഭാരം 17532 കിലോയുമാണ്. റോവറിന് 26 കിലോയും വരും. ചന്ദ്രയാന്‍ മൂന്ന് എവിടെയാണ് ലാന്‍ഡ് ചെയ്തതെന്ന് നേരത്തെ തന്നെ ഇസ്രൊ പുറത്തുവിട്ടതാണ്.
വിക്രം ലാന്‍ഡറിലെ ക്യാമറ ഇത് പകര്‍ത്തിയരുന്നു. ബുധനാഴ്ച 6.04നാണ് ഇത് പകര്‍ത്തിയത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ പരന്ന പ്രദേശത്താണ് ഇറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിലെ കെമിക്കല്‍ കമ്പോസിഷനാണ് പ്രഗ്യാന്‍ പരിശോധിക്കും. ചന്ദ്രനിലെ മണ്ണും, പാറക്കഷ്ണങ്ങളിലും പരിശോധന നടത്തും. ഇയോന്‍സിനെ അളക്കുകയും, ഇലക്ട്രോണിന്റെ സാന്ദ്രതയും, തെര്‍മല്‍ ഘടകങ്ങളും പരിശോധിക്കും. ഇത് മറ്റൊരു രാജ്യവും ഇതുവരെ ദക്ഷിണ ധ്രുവത്തില്‍ ചെയ്യാത്ത കാര്യങ്ങളാണ്.
റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമായത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടതുകൊണ്ടാണ് ഇത്തവണ നമുക്ക് വിജയിക്കാൻ കഴിഞ്ഞതെന്ന് ഐഎസ്ആർഒ എൽപിഎസ്‍സി മേധാവി വി നാരായണൻ പ്രതികരിച്ചിരുന്നു.
ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയർത്തുന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു. ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.
ലാന്‍ഡർ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്ത് വിവരങ്ങള്‍ തേടും. പുറത്തിറങ്ങിയ റോവര്‍ വിക്രം ലാന്‍ഡറിന്റേയും വിക്രം ലാന്‍ഡര്‍ റോവറിന്റെയും ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കും.
അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാവും പ്രജ്ഞാന്‍ റോവറിന്റെ യാത്ര. റോവറിന്റെ ചക്രങ്ങളില്‍ ഈ ചിഹ്നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രനിലെ ജല സാന്നിധ്യം സംബന്ധിച്ച വിവര ശേഖരണമാവും റോവറിന്റെ മുഖ്യ ലക്ഷ്യം.
https://www.facebook.com/Malayalivartha