പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം:- ഗര്‍ത്തം കണ്ടെത്തിയത് റോവര്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് മൂന്നു മീറ്റര്‍ അകലെ; പുതിയ പാതയിലേക്ക് വഴി മാറി റോവർ
ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇപ്പോഴിതാ പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പങ്കുവെച്ചു. റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്. മുന്നില്‍ ഗര്‍ത്തം കണ്ടെത്തിയതിനാല്‍ റോവറിന്റെ ചന്ദ്രനിലൂടെയുള്ള സഞ്ചാരപാതയില്‍ മാറ്റം വരുത്തി. ഞായറാഴ്ചയുണ്ടായ സംഭവമാണ് ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പങ്കുവെച്ചത്.
റോവര്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് മൂന്നു മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്. നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണിതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. തുടര്‍ന്ന് വഴിതിരിച്ചുപോകാന്‍ റോവറിന് നിര്‍ദേശം നല്‍കുകയായിരുന്നു. പുതിയ പാതയിലേക്ക് റോവര്‍ സുരക്ഷിതമായി നീങ്ങുന്നതായും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ആറ് ചക്രങ്ങളുള്ള, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോവർ പ്രഗ്യാന്‍ ലാന്‍ഡറിന് ചുറ്റുമായി ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുകയും 14 ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന പ്രവർത്തന കാലയളവില്‍ ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.
ഒരു ചാന്ദ്രദിനം പൂർത്തിയാകാൻ 10 ദിവസം കൂടിയാണ് ഇനി ബാക്കിനിൽക്കുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ്, പ്രഗ്യാൻ റോവറിന്റെ ചലനം, റോവറിലും വിക്രം ലാൻഡറിലും ഘടിപ്പിച്ച പേലോഡുകൾ വഴി സയൻസ് ഡാറ്റ നേടുക എന്നിവയാണ് ചാന്ദ്ര ദൗത്യത്തിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍. "നമ്മുടെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു,
എന്നാൽ നമ്മുടെ മൂന്നാമത്തെ ലക്ഷ്യം വിജയകരമായി തന്നെ പുരോഗിച്ചുകൊണ്ടിരിക്കുകയാണ്," സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ മൊഡ്യൂളിലെ ChaSTE പേലോഡ് ഉപയോഗിച്ച് കണ്ടെത്തിയ ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനത്തിന്റെ ഒരു ഗ്രാഫും ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എല്ലാ പരീക്ഷണങ്ങളും ആസൂത്രണം ചെയ്തതു പോലെ തുടങ്ങിക്കഴിഞ്ഞതായും ഏജന്‍സി അറിയിച്ചു.
https://www.facebook.com/Malayalivartha