പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രവുമായി ഇസ്രോ:- സർപ്രൈസുകൾ അവസാനിക്കുന്നില്ല
ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത് കഴിഞ്ഞ മാസം ഇരുപത്തി മൂന്നിന് ആയിരുന്നു. പേടകത്തിലെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിൽ നിന്ന് ഇതിനോകം നിർണായക വിവരങ്ങളാണ് ലഭിച്ചിട്ടുളളത്. എന്നാൽ ചന്ദ്രനിലെ പകൽ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാൽ പ്രഗ്യാന്‍ റോവറിനെ സ്ലീപ്പ് മോഡിലാക്കിരിക്കുകയാണ്. പക്ഷെ നിദ്രയിൽ തുടരുന്ന പ്രഗ്യാനും റോവറും മനുഷ്യനെ ഞെട്ടിക്കുന്നത് തുടരുകയാണ്. ചന്ദ്രയാൻ-3 ആദ്യം ചന്ദ്രനിലിറങ്ങി ഭൂമിയിലുള്ളവരെ ഞെട്ടിച്ചു, രണ്ടാമതായി സർപ്രൈസ് ലാൻഡിംഗ് നടത്തിയാണ് വിക്രം ലാൻഡർ ഞെട്ടിച്ചതെങ്കിൽ മൂന്നാമതായി പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഞെട്ടിക്കുന്നത്.
വിവിധ വശങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ത്രിമാന രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇസ്രോ. ‘അനഗ്ലിഫ്’ ആണ് പങ്കുവെച്ചിരിക്കുന്നത്. വസ്തുക്കളുടെയോ ഭൂപ്രദേശത്തിന്റെയോ ലളിതമായ ദൃശ്യവത്കരണമാണ് അനഗ്ലിഫ്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വെച്ച് (Super Impose), വ്യത്യസ്ത നിറങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇസ്രോ പുറത്തുവിട്ടത്. രണ്ട് കണ്ണുകൾ കൊണ്ട് കാണുന്നതിനെ വീണ്ടും ആവർത്തിച്ച് കാണിക്കുംവിധത്തിലുള്ള സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സാധാരണയായി ചുവപ്പും പച്ചയും നിറങ്ങൾ കലർത്തി, ഉചിതമായ ഫിൽട്ടറുകൾ ഉപയോഗിച്ച് കാണുമ്പോഴാണ് സ്റ്റീരിയോ ഇഫക്ട് ലഭിക്കുന്നത്. അത്തരത്തിലുള്ള ചിത്രമാണ് എക്‌സിൽ പങ്കുവെച്ചത്. പ്രഗ്യാൻ റോവർ പങ്കിട്ട ചിത്രം, ഗതിനിയന്ത്രണത്തിന് ഉപയോഗിക്കുന്ന നവിഗേഷൻ ക്യാമറയായ നവക്യാം, ‘സ്റ്റീരിയോ ഇമേജുകൾ’ ഉപയോഗിച്ചാണ് ത്രിമാന ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങളാണ് ഇടതും വലത്തുമുള്ളത്. സ്റ്റീരിയോ ഇഫക്ട് ലഭിക്കാനായി റെഡ് ചാനലിലാണ് റോവർ പകർത്തിയ ഒരു ചിത്രം സ്ഥാപിച്ചിരിക്കുന്നത്. വലത് ഭാഗത്ത് ചിത്രം നിലയും പച്ചയും ചാനലുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഫിൽട്ടർ ഉപയോഗിച്ച് കാണുമ്പോൾ സ്റ്റീരിയോ ഇഫക്ട് സംഭവിക്കുകയും ത്രിമാന രൂപത്തിൽ കാണുകയും ചെയ്യുന്നു.
ഈ ചിത്രം 3-ഡിയിൽ കാണാനായി ചുവപ്പും, സിയാൻ ഗ്ലാസും ഉപയോഗിക്കുന്നതാണ് ഉചിതം. ഇസ്രോയുടെ ലബോറട്ടറി ഫോർ ഇലക്ടോ-ഒപ്ടിക്‌സ് സിസ്റ്റംസ് (LEOS) ആണ് നാവിഗേഷൻ ക്യാമറ എന്ന NavCam സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇസ്രോയുടെ തന്നെ സഹസ്ഥാപനമായ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് (SAC) ഡാറ്റാ പ്രോസസിംഗ് നടത്തുന്നത്. ഭൂമിയിലെ പതിനാലു ദിവസമായിരുന്നു ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനകാലാവധി.
അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. രാത്രിയായാല്‍ പൂജ്യത്തിനു താഴെ 180 ഡിഗ്രി എന്ന കൊടുംതണുപ്പിലേക്ക് ചന്ദ്രനിലെ പരിസ്ഥിതി മാറും. ഈ ശൈത്യം കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും അതിജീവിച്ചാല്‍ പതിനാല് ഭൗമദിനത്തിനു ശേഷം സൂര്യന്‍ ഉദിക്കുമ്പോള്‍ വീണ്ടും പ്രവര്‍ത്തിച്ചേക്കാം. അത് അപ്പോള്‍ മാത്രം പറയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ലാന്‍ഡറിലെയും റോവറിലെയും ഉപകരണങ്ങള്‍ ഒട്ടും സമയം കളയാതെ പണിയെടുത്തുകൊണ്ടിരുന്നു.
ചന്ദ്രന്റെ മണ്ണിലെ താപവ്യതിയാനം അളക്കുന്നത് പൂർത്തിയായിക്കഴിഞ്ഞിരുന്നു. മുകളില്‍ 50ഡിഗ്രി ആണ് ചൂടെങ്കില്‍ പത്തു സെന്റിമീറ്റര്‍ താഴെ അത് പൂജ്യമാണ് എന്ന നിര്‍ണ്ണായക കണ്ടുപിടിത്തം വന്നു. ചന്ദ്രനില്‍ മഗ്‌നീഷ്യം, കാല്‍സ്യം ധാതുക്കളുടെയും ഓക്‌സിജന്റെയും സാന്നിധ്യം സ്ഥിരീകരിച്ചു. പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തി. സാധ്യമായാല്‍, ഇനിയുള്ള ഭൗമദിവസങ്ങളില്‍ കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടേയിരിക്കും.
പരീക്ഷണമല്ല, അന്വേഷണമാണ് ഭാരതത്തിന്റെ ദൗത്യം. ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ചന്ദ്രയാൻ 3 കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ലെന്നും ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha