ഇന്ത്യ - ചൈന യുദ്ധം തകർത്ത രത്തൻ ടാറ്റയുടെ പ്രണയജീവിതംകേരളത്തിന്റെ വില്ലൻ...?
ഒരു വ്യവസായിക്കുവേണ്ടി ഒരു നാട് ഇങ്ങനെ വിലപിക്കുമോ? വ്യവസായികളും കോര്‍പ്പറേറ്റുകളും കുത്തകകളും ചൂഷകരും ആണെന്ന കടുത്ത വിമര്‍ശനമുള്ള കേരളത്തിന്റെ സോഷ്യല്‍ മീഡിയില്‍ പോലും ആ മനുഷ്യന്‍ ഒരു വികാരമായി നിലകൊള്ളുകയാണ്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ അന്തരിച്ച രത്തന്‍ ടാറ്റ (86) ഒരു വ്യക്തിയല്ല, പ്രസ്ഥാനവും ഒരു വികാരവുമാണ്. ടാറ്റ കമ്പനിയുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തം പേരിലേക്ക് മാറ്റിയിരുന്നെങ്കില്‍, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനാവുമായിരുന്നു ഈ മനുഷ്യന് പക്ഷേ താല്‍പ്പര്യം കോടീശ്വരലിസ്റ്റില്‍ കയറിക്കൂടാനായിരുന്നില്ല. സമ്പത്തിന്റെ 70 ശതമാനവും ചാരിറ്റിക്കുവേണ്ടി ചിലവഴിച്ച്, ഒരു കപ്പ് കേക്കില്‍ ഒരു മെഴുകുതിരി കത്തിച്ച് വെച്ച് ജന്‍മദിനം ആഘോഷിച്ച്, ഒരു സാധാരണ വീട്ടില്‍ വിശ്രമജീവിതം നയിച്ച്, ഒരു ഇലപൊഴിയുന്നതുപോലെ, അവിവാഹിതനായ ആ പ്രകാശം പരത്തുന്ന മനുഷ്യന്‍ കടന്നുപോയി!
ഇന്ന് പത്തരലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന, ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കുതിക്കുന്ന ടാറ്റയുടെ വളര്‍ച്ചയില്‍, രത്തന് വലിയ പങ്കാണുള്ളത്. മൊത്തം എഴരലക്ഷം തൊഴിലാളികള്‍ക്കാണ് ഈ സ്ഥാപനം പ്രത്യക്ഷമായി തൊഴില്‍ കൊടുക്കുന്നത്. പരോക്ഷമായി പതിനായിരങ്ങള്‍ക്ക് വേറെയും. ആ നിലയിലേക്ക് ടാറ്റാ ഗ്രൂപ്പിലെ വളര്‍ത്തിയെടുക്കുന്നതില്‍ അഹോരാത്രം യത്നിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. ഒരു വ്യവസായിക്ക് ഇന്ത്യയില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന് മാത്രമായിരിക്കും.
രത്തൻ ടാറ്റയുടെ വ്യക്തിജീവിതം എല്ലാക്കാലത്തും മാധ്യമങ്ങൾ താൽപ്പര്യത്തോടെയാണ് കണ്ടിരുന്നത്. ബിസിനസ് ജീവിതത്തിൽ വൻ വിജയം നേടിയ രത്തൻ പക്ഷെ ഒറ്റയ്ക്ക് ജീവിക്കാനാണ് തീരുമാനിച്ചത്. അവിവാഹിതനായിരുന്നുവെങ്കിലും രത്തൻ ടാറ്റ അരസികനും പരുക്കനുമായിരുന്നെന്ന് ആരും പറയില്ല. വിവാഹിതരേക്കാൾ ഏറെ കാൽപ്പനികനായിരുന്നു അദ്ദേഹമെന്ന് അടുത്തറിയുന്നവർ പറയും. രത്തൻ ടാറ്റയ്ക്ക് യൗവന കാലത്ത് ഒരു പ്രണയജീവിതവും ഉണ്ടായിരുന്നു. ഈ വസ്തുത അദ്ദേഹം ഒരേയൊരാളോടാണ് പങ്കുവെച്ചിരുന്നത്. അത് ബോളിവുഡിലെ ഐതിഹാസിക താരമായ സിമി ഗാരേവാളിനോടായിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങൾ പങ്കുവെക്കാൻ മാത്രം അടുത്ത ബന്ധമാണ് സിമി ഗാരേവാളും രത്തൻ ടാറ്റയും തമ്മിലുണ്ടായിരുന്നത്. രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഏതെന്നു ചോദിച്ചാൽ ഉത്തരവും മറ്റൊന്നല്ല. ഒരു 'പെർഫെക്ട് ജെന്റിൽമാൻ' എന്നായിരുന്നു രത്തൻ ടാറ്റയെക്കുറിച്ച് സിമിയുടെ അഭിപ്രായം. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സംബന്ധിച്ച് നിരവധി ആഖ്യാനങ്ങളുണ്ടായി.
പ്രണയനൈരാശ്യമോ?
ഒരിക്കലും ഒരു നിരാശാകാമുകനായിരുന്നില്ല രത്തൻ ടാറ്റ. മറിച്ച് ഉത്സാഹത്തോടെ തന്റെ ബിസിനസ്സിനെ ഉന്നതങ്ങളിലേക്ക് നടത്തുകയും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത മൂല്യബോധവും ദിശാബോധവുമുള്ള ഒരു വ്യവസായിയായാണ് അദ്ദേഹം അവസാന നിമിഷം വരെയും ജീവിച്ചത്. എന്നിരിക്കിലും, എന്തുകൊണ്ട് രത്തൻ വിവാഹം ചെയ്തില്ല എന്ന ചോദ്യത്തിന്റെ മറുപടിയിൽ ഒരു പഴയകാല പ്രണയകഥയുടെ നിഴൽ വീണു കിടക്കുന്നത് കാണാം.
ചെറുപ്പകാലത്ത് ലോസ് ആൻജലസിൽ ഒരു ആർക്കിടെക്ചറൽ സ്ഥാപനത്തിൽ രത്തൻ ടാറ്റ ജോലി ചെയ്തിരുന്നു. ഈ കാലത്താണ് അദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. അവളുമൊത്തുള്ള ജീവിതം രസകരമായിരിക്കുമെന്നു തന്നെയായിരുന്നു രത്തൻ ടാറ്റയുടെ മനസ്സിൽ. വിവാഹത്തിന് അദ്ദേഹം തയ്യാറായതുമാണ്. എന്നാൽ അതിന് പ്രതിബന്ധങ്ങളുണ്ടായി.
രത്തൻ ടാറ്റ 1962ൽ നാട്ടിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു. അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി അസുഖബാധിതയായി കഴിഞ്ഞിരുന്ന അമ്മയെ അവസാനകാലത്ത് നോക്കണമെന്ന ആഗ്രഹത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടെ ഇന്ത്യ - ചൈന യുദ്ധം തുടങ്ങിയിരുന്നു. രത്തന്റെ കാമുകിയുടെ വീട്ടുകാർ ആശങ്കയിലായി. മകളെ രത്തന്റെ കൂടെ വിടില്ലെന്ന് അവർ തീരുമാനമെടുത്തു. രത്തൻ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങി.
ആരാണ് ആ പെൺകുട്ടിയെന്ന് രത്തൻ ടാറ്റയ്ക്കും, ഒരുപക്ഷെ, സിമി ഗാരേവാളിനും മാത്രമേ അറിയൂ.
കേരളത്തില്‍ പതിവുപോലെ വില്ലന്‍
കോവിഡ് കാലത്ത് രത്തന്‍ടാറ്റ തന്റെ പേഴ്സണ്‍ല്‍ അക്കൗണ്ടില്‍നിന്ന് എടുത്താണ് 500 കോടിരൂപ രാജ്യത്തിന് കൊടുത്തത്. ഇത് ടാറ്റാ സണ്‍സ് ഏറ്റെടുത്ത് 1500 കോടിയാക്കി ഉയര്‍ത്തി. അങ്ങനെയുള്ള എത്രയെത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.പക്ഷേ കേരളത്തില്‍ ടാറ്റാ, ബിര്‍ളാ, അംബാനി എന്ന കുത്തക- ചൂഷണ നിയോലിബറല്‍ ഭീകരര്‍ മാത്രമായാണ്, ഇവര്‍ ചിത്രീകരിക്കുന്നത്. മെറിറ്റിന് മാത്രം പ്രധാന്യം നല്‍കുന്ന ടാറ്റാ ഗ്രൂപ്പ് എം.എ യൂസഫലിയെയും, രവിപിള്ളയെയും പോലെ നേതാക്കളുടെ മക്കള്‍ക്ക് ജോലികൊടുക്കുകയുമില്ല എന്നതാണോ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. അതുപോലെ മൂന്നാറിലെ കണ്ണന്‍ദേവന്റെ കൈയേറ്റത്തിന്റെ പേരിലും ടാറ്റ കേരളത്തില്‍ വില്ലനായി.
പക്ഷേ രത്തന്റെ ജീവചരിത്രം തയ്യാറക്കിയത് ഒരു മലയാളിയാണെന്നതില്‍ നമുക്കും അഭിമാനിക്കാം.രത്തന്‍ ടാറ്റയുമായി നൂറുതവണ അഭിമുഖം, ടാറ്റയുടെ അമേരിക്കക്കാരിയായ ആദ്യ പ്രണയിനിയുള്‍പ്പെടെ നൂറ്റിനാല്‍പതോളം പേരുമായുള്ള മറ്റ് അഭിമുഖങ്ങള്‍...മൂന്നര വര്‍ഷമാണ് മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ് ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കാനായി മാറ്റി വെച്ചത്. ഒടുവില്‍ ഇന്ത്യന്‍ പ്രസാധനരംഗം കണ്ട ഏറ്റവും വലിയ പ്രതിഫലത്തോടെ ഹാര്‍പര്‍ കോളിന്‍സ് പുസ്തകവും സ്വന്തമാക്കി. രണ്ടുകോടിയാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന് ഹാര്‍പര്‍ കോളിന്‍സ് നല്‍കിയ തുക. മൂന്നുപതിറ്റാണ്ടിന്റെ ബന്ധമാണ് ടാറ്റയുമായി തോമസ് മാത്യുവിനുള്ളത്. തന്നെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ഫയലുകളും വാര്‍ത്തകളും ഓര്‍മകളും അറിവുകളും ബന്ധങ്ങളും എല്ലാം തോമസ് മാത്യുവിന് സമര്‍പ്പിക്കുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ രത്തന്‍ ടാറ്റ.'രത്തന്‍ എന്‍.ടാറ്റ' എന്നാണ് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha