'ഇരിപ്പിട ശില്‍പം' പുരുഷ ലൈംഗികാവയവം മെട്രോ ട്രെയിനിന്റെ ഇരിപ്പിടത്തില്‍, സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള കാമ്പയിന്‍
മെക്‌സിക്കോയിലെ മെട്രോ ട്രെയിനില്‍ പുരുഷന്റെ ലൈംഗികാവയവത്തോടു കൂടി പ്രത്യക്ഷപ്പെട്ട പ്രത്യേക സീറ്റ് യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അസ്വസ്ഥത മാത്രമല്ല പുരുഷന്റെ ലൈംഗികാവയവത്തെ തുറന്നു കാട്ടുന്ന 'ഇരിപ്പിട ശില്‍പം' അനുചിതവും അവഹേളനവുമാണെന്നാണ് പലരുടെയും അഭിപ്രായം.
ഇത്തരത്തില്‍ അനുചിതവും അവഹേളനവും ആയി തോന്നിയെങ്കില്‍ അത് തന്നെയാണ് അതിന്റെ സൃഷ്ടാവ് ഉദ്ദേശിച്ചതും. ഈ ഇരിപ്പിടത്തില്‍ ഇരിക്കുന്നത് അരോചകവും അസഹ്യവുമായി കരുതുന്നുണ്ടോ, എങ്കില്‍ നിത്യേന തന്റെ യാത്രകളില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന ലൈംഗിക കയ്യേറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബുദ്ധിമുട്ട് ഒന്നുമല്ലെന്നാണ് മെക്‌സിക്കോ, രാജ്യത്തെ ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള വീഡിയോ കാമ്ബയിനിന്റെ ഭാഗമായി തത്കാലത്തേക്ക് സ്ഥാപിച്ചതാണ് ഈ ഇരിപ്പിടം. യു എന്‍ സ്ത്രീ സംഘടനയും മെക്‌സിക്കന്‍ സിറ്റി അധികൃതരും ചേര്‍ന്നാണ് ഈ കാമ്ബയിന് തുടക്കമിട്ടത്.
ഇരിപ്പിടം സ്ഥാപിച്ച ശേഷമുള്ള യാത്രക്കാരുടെ അനുഭവം വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പലരും ഈ ഉദ്യമത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇത്തരത്തില്‍ ലൈംഗികാവയവങ്ങളെ പൊതു മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള കാമ്ബയിന്‍ മാന്യമല്ലെന്ന അഭിപ്രായവുമുണ്ട്.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ പലപ്പോഴും സ്ത്രീകള്‍ക്കുള്ള ഉപദേശം മാത്രവും അവരുടെ ശരീരങ്ങളെ തുറിച്ച് നോട്ടങ്ങള്‍ക്ക് കൂടുതല്‍ എറിഞ്ഞു കൊടുക്കുന്നതും ആകുന്ന കീഴ്വഴക്കത്തിന് അപവാദമാണ് ഈ കാമ്ബയിന്‍. സ്ത്രീകളുടെ ലൈംഗികാവവയവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളോ സ്ത്രീകളുടെ മാനസികാവസ്ഥയെ കുറിച്ചോ ഉള്ള ഉപരിപ്ലവ സംവാദങ്ങളോം വെച്ചു പുലര്‍ത്താതെ പുരുഷന്റെ ശരീര അവയവങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായ രാഷ്ട്രീയവും സ്ത്രീ പക്ഷബോധവും പുലര്‍ത്തുന്നു ഈ കാമ്ബയിന്‍.
2014ല്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നത് മെക്‌സിക്കോയിലാണെന്ന റിപ്പോര്‍ട്ട പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ട് ഗൗരവമായി എടുത്ത് കൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വ്വീസുകളും തീവണ്ടിയില്‍ പ്രത്യേക കോച്ചുകളും മെക്‌സിക്കന്‍ നഗരത്തില്‍ നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല അക്രമിക്കാന്‍ വരുമ്‌ബോള്‍ വിസിലടിക്കാന്‍ ഭരണാധികാരികള്‍ പ്രത്യേക ശബ്ദമുണ്ടാക്കുന്ന വിസിലുകളും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന ബോധവത്കരണങ്ങളുടെയും ഇടപെടലുകളുടെയും തുടര്‍ച്ചയാണ് ഈ 'ഇരിപ്പിട ശില്‍പം'.
https://www.facebook.com/Malayalivartha