ഇടനിലക്കാരും കൊള്ള ലാഭവും വേണ്ടേ വേണ്ട, കര്‍ഷകര്‍ക്ക് നല്ല വിലയും ജനത്തിന് നല്ല പച്ചക്കറിയും ലക്ഷ്യമാക്കി കര്‍ഷക ചന്തകള്‍
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വിളകള്‍ വില്‍ക്കുന്നതിന് ബ്ലോക്ക് ലെവല്‍ ടെര്‍മിനല്‍ മാര്‍ക്കറ്റ് എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷക ചന്തകള്‍ തുടങ്ങുന്നു. ബ്ളോക്ക് അടിസ്ഥാനത്തിലാകും ചന്തകള്‍. പരീക്ഷണാടിസ്ഥാനത്തില്‍ 50 ബ്ളോക്കുകളില്‍ തുടങ്ങും. സര്‍ക്കാരിന്റെ അനുമതിയോടെ ഇക്കൊല്ലം തന്നെ കര്‍ഷക ചന്തകള്‍ തുടങ്ങാനാണ് തീരുമാനം. ഇതുവഴി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മുഴുവന്‍ വില്‍ക്കാന്‍ കഴിയും. ഇടനിലക്കാര്‍ ഒഴിവാകുന്നതോടെ മികച്ച വില്‍പ്പന വില കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യും.
ഒരു ബ്ളോക്കിന് കീഴിലെ കര്‍ഷകര്‍ക്കുവേണ്ടിയാണ് ചന്തകള്‍ ആരംഭിക്കുക. അവര്‍ക്ക് കാര്‍ഷികോത്പന്നങ്ങള്‍ അവിടെ എത്തിച്ച് ലേലം ചെയ്ത് വില്‍ക്കാം. അടിസ്ഥാന സൗകര്യങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഒരുക്കിനല്‍കും. ഇതിനുവേണ്ടിയുള്ള ചെലവില്‍ 40 ശതമാനം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നല്‍കും. ശേഷിക്കുന്നത് ഹോര്‍ട്ടികോര്‍പ്പും. കര്‍ഷകര്‍ക്ക് രജിസ്ട്രേഷന്‍ ഉണ്ടാകും. ആ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന കര്‍ഷകരെയാകും ഇതില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് ഒരു കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിക്കാകും ചന്തയുടെ നടത്തിപ്പ് ചുമതല. ഉത്പന്നങ്ങളുടെ അടിസ്ഥാന വില കമ്മിറ്റി നിശ്ചയിക്കും. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍ നിന്ന് അഞ്ചു ശതമാനം കമ്മിറ്റിക്ക് നല്‍കണം. അതില്‍ മൂന്നു ശതമാനം കമ്മിറ്റിയുടെ നടത്തിപ്പിനാണ്. രണ്ടുശതമാനം ഓരോകൊല്ലവും കര്‍ഷകര്‍ക്ക് ബോണസായി നല്‍കും. ഇതുകൂടാതെ ചന്തയില്‍ കര്‍ഷകര്‍ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ വില്‍പ്പനയും ഉണ്ടാകും. നടത്തിപ്പ് ചുമതല കര്‍ഷക കമ്മിറ്റിക്കാണ്.ചന്തയില്‍ കാര്‍ഷികോത്പന്നങ്ങള്‍ മുഴുവന്‍ വിറ്റുപോയില്ലെങ്കില്‍ ശേഷിക്കുന്നത് ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും.
https://www.facebook.com/Malayalivartha