ഗണേഷ്‌കുമാര്‍, കെ.ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍, ബാലകൃഷ്‌ണ പിള്ള... നീറുന്ന ഹൃദയങ്ങളുമായി ഇന്ന് ഐക്യമുന്നണിയോഗം
ആകെ കലുഷിതമാണ് യുഡിഎഫ്. ഐക്യമുന്നണി എന്ന പേരിനു പോലും കളങ്കം വരുത്തികൊണ്ടാണ് പലരും പ്രവര്‍ത്തിക്കുന്നത്. ടി.പി. വധത്തോടെ ആകെ താറുമാറായിരുന്നു ഇടതുമുന്നണി. എന്നാല്‍ ഐക്യമുന്നണിയിലെ അന്തര്‍ നാടകങ്ങളോടെ ഇടതുമുന്നണി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. ഐക്യമുന്നണി സര്‍ക്കാരിനെ പുറത്താക്കാനുള്ള ഒരവസരവും കളയില്ലെന്ന നിലപാടും അവരെടുത്തു.
ഗണേഷ്‌കുമാര്‍, യാമിനി പ്രശ്‌നം രമ്യമായി പരിഹരിക്കാനാകാതെ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം പോലും കളയേണ്ടി വന്നു. ഇതിനിടയ്‌ക്ക് ബാലകൃഷ്‌ണ പിള്ള മകന്‍ മന്ത്രിയെ മാറ്റാനായി നിരന്തരം പ്രയത്‌നിച്ചു. പി.സി. ജോര്‍ജിനെ പറ്റി ഗൗരിയമ്മ ഉന്നയിച്ച ആക്ഷേപത്തിന് അതേനാണയത്തില്‍ തന്നെ പി.സി. മറുപടിയായെത്തിയത് മറ്റൊരു അന്തരീക്ഷമുണ്ടാക്കി. പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ എം.വി. രാഘവനും ഇടഞ്ഞ് നില്‍ക്കുകയാണ്. പിണറായി വിജയന്‍ രാഘവനെ കണ്ടത് പുതിയ രാഷ്‌ട്രീയ മാറ്റമായി പലരും കാണുന്നുമുണ്ട്. ബജറ്റ് വേളയില്‍ ആര്യാടനും മുസ്ലീം ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഏറെ വിവാദമായതാണ്.
ഇങ്ങനെ മുന്നണികള്‍ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്നത്തെ യു.ഡി.എഫ്. യോഗം.
ഇതിനിടയ്‌ക്ക് ഘടക കക്ഷികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി രമേഷ് ചെന്നിത്തല കെ.ആര്‍. ഗൗരിയമ്മയെ കണ്ടിരുന്നു.
യു.ഡി.എഫുമായി താന്‍ മാനസികമായി അകന്നുവെന്നും യു.ഡി.എഫിന്റെ അന്തരീക്ഷവുമായി പലപ്പോഴും പൊരുത്തപ്പെടാനാകുന്നില്ലെന്നും എന്നാല്‍ ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ ജെ.എസ്.എസ് പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ജെ.എസ്.എസുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
https://www.facebook.com/Malayalivartha