മലയാളി വാര്‍ത്ത.
മാധവ് ഗാഡ്‌കില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായിരുന്നു. കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലങ്ങു തടിയായ്‌പോലും ഈ റിപ്പോര്‍ട്ടിനെ പലരും കണ്ടിരുന്നു. മാധവ് ഗാഡ്‌കില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ രംഗത്തെത്തിയിരുന്നു.
റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും ആരോപണം ഉയര്‍ന്നു.
ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാനുള്ള വിദഗ്‌ദ്ധ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അങ്ങനെയാണ് കസ്‌തൂരി രംഗന്റെ നേതൃത്വത്തിലുള്ള ആ സമിതി കേരളം സന്ദര്‍ശിക്കുന്നത്. എന്നാല്‍ വിദഗ്‌ദ്ധസംഘം ഇടുക്കി സന്ദര്‍ശിക്കാതെ വയനാട്ടിലേക്ക് പോയത് ഏറെ പ്രതിഷേധത്തിനിടയാക്കി. ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പോലും പ്രഖ്യാപിച്ചതാണ്. അപ്പോഴാണ് കസ്‌തൂരി രംഗന്‍ ഇടപെട്ടത്. ഇന്ന് സംഘം ഇടുക്കി സന്ദര്‍ശിക്കുമെന്നും കാലാവസ്ഥാമോശമായതു കൊണ്ടാണ് ഇന്നലെ സന്ദര്‍ശിക്കാന്‍ പറ്റാതെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടെ ഹര്‍ത്താലും പിന്‍വലിച്ചു.
മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്
ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്ത്യാ ഗവര്‍മെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്സ്പര്‍ട്ട് പാനല്‍ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധര്‍ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്.
2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഈ മേഖലയില അനിയന്ത്രിതമായ പൃകൃതി ചൂഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയില്‍ നീലഗിരി മലകളിലെ കോത്തഗിരിയില്‍ നടന്ന പാരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്.
പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങള്‍ക്കും സാങ്കേതിക ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണവും നടത്തിയതിനുശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
പരിസ്ഥിതിലോലമെന്ന വിഭാഗത്തില്‍ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകള്‍ ഏതെന്നതാണ് സമിതി പ്രധാനമായും നിര്‍ണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈര്‍ഘ്യവും കുറഞ്ഞത് 48 കി.മീ. മുതല്‍ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. ഇത് മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന .
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള (ESZ 1)ല്‍ വനമേഖലയുടെ പരിധിയില്‍ വരുന്നതിനാല്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പശ്ചിമഘട്ടം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട മാധവ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി പുഴയിലെ മത്സ്യവൈവിദ്ധ്യം കണക്കിലെടുത്ത് പുഴയെ മത്സ്യവൈവിദ്ധ്യമേഖലയാക്കി പ്രഖ്യാപിക്കണമെന്നും ഉടുമ്പന്‍ചോല താലൂക്കിനെ ജൈവവൈവിദ്ധ്യസമ്പന്നമായ പ്രദേശമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതുപോലെ ചാലക്കുടി പുഴയേയും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്ന 142 താലൂക്കുകള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളായി (Ecologically Sensitive Zones- ESZ) ആയി പ്രഖ്യാപിക്കുവാന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇ. എസ്. സെഡ് (ESZ)-1, 2, 3 എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കി വേര്‍തിരിച്ച് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് കമ്മിറ്റി ലക്‌ഷ്യമിടുന്നത്. ഇതിന് പുറമെ ESL- (Ecologically Sensitive Localities) സംബന്ധിച്ചും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ESL പ്രദേശങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളെക്കുറിച്ച് നിര്‍ദ്ദേശമൊന്നും നല്‍കുന്നില്ല. ഇത് സങ്കീര്‍ണമായ ഭരണപരമായ നടപടികള്‍ കൂടി വേണ്ടി വരുന്ന മേഖലയായതുകൊണ്ടാണ് കമ്മിറ്റി അതിന് ഒരുമ്പെടാതിരുന്നത്.