കേരളം ചുട്ടു പൊള്ളുന്നു: ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു: ജനം കുടിവെള്ളത്തിനായ് അലയുന്നു
സൂര്യന്‍ താണ്ഡവമാടുകയാണ്. രാവിലെ ഒമ്പതിനുശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. വീട്ടിലായാലും, ഓഫീസിലായാലും ഫാനോ ഏസിയോ ഇല്ലാതെ ഇരിക്കാനും കഴിയുന്നില്ല. ഇടയ്‌ക്കിടയ്‌ക്കിടയ്‌ക്ക് വൈദ്യുതി ബോര്‍ഡിന്റെ വകയും പീഡനം. ഏപ്രിലെത്തുന്നതിനു മുന്‍പേ കേരളം വേനലിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ രേഴപ്പെടുത്തിയ ചൂട് 40.5 ഡിഗ്രി സെല്‍ഷ്യസാണ്. ഏപ്രിലിന്റെ അവസാനത്തോടെ താപനില ഇതിലും ഉയരാനാണ് സാധ്യത.
പൊള്ളുന്ന ചൂടില്‍ ജലസ്രോദസ്സുകളും വറ്റിവരണ്ടിരിക്കുന്നു. കുടിക്കാന്‍ പോലും വെള്ളം ലഭിക്കാതായിരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഹര്‍ത്താല്‍ നടത്തുന്ന അവസ്ഥവരെയെത്തി. നദികളും കായലുകളും വറ്റാന്‍ തുടങ്ങിയതോടെ ജലമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി നെട്ടോട്ടമോടുകയാണ്. നഗരങ്ങളില്‍ പലപ്പോഴും ജലവിതരണം മുടങ്ങുന്നത് തുടര്‍ക്കഥയാകുകയാണ്.
ചൂടേറിയതോടെ ആരോഗ്യ മേഖലയും ജാഗ്രതയിലാണ്. നേത്ര രോഗങ്ങള്‍, ഉദര രോഗങ്ങള്‍, വിളര്‍ച്ച, നിര്‍ജലീകരണം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ വേനലിനെ കുടുതല്‍ കടുപ്പിക്കുന്നു. ശരീരത്തിലെ താപനിലയേക്കാള്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കുമ്പോള്‍ സൂര്യാഘാതമുണ്ടാകുന്നു. രണ്ടുമാസത്തിനുള്ളില്‍ പതിനഞ്ചു പേര്‍ക്കാണ് കേരളത്തില്‍ സൂര്യാഘാതമേറ്റത്. പുനലൂരില്‍ വെയിലത്ത് പണിയെടുക്കുകയായിരുന്ന യുവാവിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊള്ളലേറ്റത്. പാലക്കാട് കഴിഞ്ഞാല്‍ ഏറ്റഴും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് പുനലൂരാണ്. 38 ഡിഗ്രിയാണ് പുനലൂരില്‍ രേഖപ്പെടുത്തിയ താപനില.
ഒരു കാലത്ത് സമൃദ്ധിയില്‍ കഴിഞ്ഞിരുന്ന കേരളത്തിന്റെ അവസ്ഥ മരങ്ങള്‍ മുറിച്ചും ,മണ്ണു നീക്കിയും, മണലൂറ്റിയും നമ്മള്‍ ഇവിടംവരെ എത്തിച്ചിരിക്കുന്നു. സ്വയം വിമര്‍ശനമല്ലാതെ മറ്റൊരുടെ മേലും കുറ്റം ചാര്‍ത്താന്‍ കഴിയില്ല. വികസനങ്ങളുടെ പേരുപറഞ്ഞ് നമ്മള്‍ നിലനില്‍പ്പിനു തന്നെ ഭീഷണി വരുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലവര്‍ഷവും, തുലാവര്‍ഷവും കാലം തെറ്റി പെയ്യുകയാണ്. മഴവെള്ളത്തിന്റെ ലഭ്യതയില്‍ വന്‍ കുറവുതന്നെയുണ്ടായിരിക്കുന്നു. അതുകൊണ്ടു തന്നെ ഭൂഗര്‍ഭജലനിരക്കിലും കുറവുണ്ടായി. ഈ വര്‍ഷത്തെ ദുരിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു വന്‍ ദുരന്തത്തില്‍ നിന്നും നമുക്ക് സുരക്ഷിതരാകാം.
https://www.facebook.com/Malayalivartha