സൂര്യാഘാതത്തെ തുടര്‍ന്ന് തൊഴിലാളികളുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി: 12 മുതല്‍ മൂന്ന് വരെ വിശ്രമം
സൂര്യാഘാതമുള്‍പ്പെടെ കൊടുംചൂടിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്‌ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വരള്‍ച്ചാ കെടുതികളെക്കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരുടെ തൊഴില്‍ സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാക്കി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കായിരിക്കും നിര്‍ദേശം പ്രധാനമായും ബാധകമാകുക.
അതേസമയം ഇന്ന് പത്തനംതിട്ടയിലും കൊല്ലത്തും രണ്ടു പേര്‍ക്കു വീതം സൂര്യാഘാതമേറ്റു. പത്തനംതിട്ട അടൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ക്ക് സൂര്യാഘാതമേറ്റു. രാജേഷ് ജോണ്‍, രവി എന്നീ പോലീസുകാര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. അയല്‍ ജില്ലയായ കൊല്ലത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടര്‍ച്ചയായി സൂര്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും പത്തനംതിട്ടയില്‍ ഇത് ആദ്യമായിട്ടാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൊല്ലത്ത് വീണ്ടും രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. മത്സ്യബന്ധത്തിനുശേഷം കരയിലേക്ക് തിരിച്ചുവരുന്ന വഴിയായിരുന്നു അയ്യന്‍,സാംസണ്‍ എന്നിവര്‍ക്ക് സൂര്യാഘാതമേറ്റത്. ഇതോടെ കൊല്ലം ജില്ലയില്‍ സൂര്യാഘാതമേറ്റവരുടെ എണ്ണം ആറായി.
https://www.facebook.com/Malayalivartha