പെണ്ണുവീട്ടുകാര്‍ വട്ടിപ്പലിശയ്‌ക്കെടുത്തും ജ്വല്ലറികളിലേക്കോടുന്നു, 25 പവന്‍ വാങ്ങുന്ന ഒരാളിന് ലാഭിക്കാന്‍ കഴിയുന്നത് ഒന്നേകാല്‍ ലക്ഷം
മലയാളികളുടെ സ്വര്‍ണത്തോടുള്ള ഭ്രമം പുകള്‍പെറ്റതാണ്. ഒരു കുഞ്ഞ് ജനിച്ചയുടന്‍ തന്നെ സ്വര്‍ണത്തിന്റെ പ്രാധാന്യം അവന്‍ മനസിലാക്കുന്നു. ആദ്യം അവന്റെ നാവില്‍ സ്വര്‍ണം ഉരച്ച് നല്‍കുന്നതോടെ അവനും സ്വര്‍ണത്തില്‍ വീണുപോകുന്നു. പിന്നീടങ്ങോട്ട് അവന്റെ ജീവിതത്തില്‍ സ്വര്‍ണം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറും. നൂല്‌കെട്ട്, കുഞ്ഞൂണ്, പിറന്നാള്‍ തുടങ്ങി വിവാഹംവരെ ആ സ്വര്‍ണ ബന്ധം നീളുന്നു. ഒരിക്കലും തീരാത്ത ചക്രമണം പോലെ സ്വര്‍ണത്തിന്റെ ഉപയോഗം കറങ്ങിത്തിരിഞ്ഞു വരും. സമ്മാനം നല്‍കാന്‍ പറ്റുന്ന നല്ലൊരു ഉപാധിയായി എല്ലാവരും സ്വര്‍ണത്തെ കാണാനും തുടങ്ങി. കൊടുത്താല്‍ സ്വര്‍ണമായി തന്നെ കിട്ടുമെന്നൊരു ചൊല്ലുമുണ്ടായി.
കാത്ത് നിന്ന് സ്വര്‍ണാഭരണങ്ങള്‍ പണിയിക്കുന്ന കാലമൊക്കെ കഴിഞ്ഞു. സ്വര്‍ണത്തിന്റെ മഞ്ഞളിപ്പ് കണ്ട് പല ജ്വല്ലറികളും ഇവിടെ തഴച്ചുവളര്‍ന്നു. അഞ്ചാറു വര്‍ഷം മുമ്പ് ഏഴായിരത്തിന് താഴെയായിരുന്നു സ്വര്‍ണത്തിന്റെ വില. നിരന്തരം സ്വര്‍ണവില വര്‍ധിച്ചുകൊണ്ടേയിരുന്നു. എല്ലാവരും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കണ്ടു. രണ്ട് വര്‍ഷം കൊണ്ടുപോലും ഇരട്ടിയാകുന്ന സ്വര്‍ണ വിദ്യ മലയാളികളും തിരിച്ചറിഞ്ഞു. അങ്ങനെ ഉള്ളവന്‍ സ്വര്‍ണം വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. വിലയാകട്ടെ കാല്‍ ലക്ഷത്തോളമായി.
അതേസമയം വിവാഹ പാര്‍ട്ടിക്കാരാണ് ശരിക്കും വലഞ്ഞത്. ഒരു വര്‍ഷത്തിന് മുമ്പ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് അന്ന് പറഞ്ഞ സ്വര്‍ണമെങ്ങനെ നല്‍കും. ചില പയ്യന്‍മാരുടെ വീട്ടുകാര്‍ വിട്ടുവീഴ്‌ചയും ചെയ്‌തിട്ടുണ്ട്. ഇങ്ങനെ കൂട്ടലും കിഴിക്കലുമായിരിക്കുന്ന സമയത്താണ് സ്വര്‍ണത്തിന്റെ വില കാല്‍ ലക്ഷത്തില്‍ നിന്നും കുറഞ്ഞ് കുറഞ്ഞ് 20,000നും താഴെയെത്തിയത്. ഇന്ന് മാത്രം കുറഞ്ഞത് 1000 രൂപയാണ്. ഇന്നത്ത പവന്‍ വില 19,800 രൂപയാണ്.
ആഗോള സ്വര്‍ണ വിലയിലെ ഇടിവിനെത്തുടര്‍ന്ന് ആഭ്യന്തര വിപണിയിലും വില താഴുകയായിരുന്നു. ഇനി വരുന്നത് കല്യാണ സീസണാണ്. പലരും പലിശയ്‌ക്ക് വാങ്ങിച്ച് പോലും സ്വര്‍ണക്കടകളിലേക്ക് ഓടുകയാണ്. കാരണം ഇപ്പോള്‍ സ്വര്‍ണം വാങ്ങിയാല്‍ കിട്ടുന്ന ലാഭം വളരെ വലുതാണ്. മുന്‍വര്‍ഷത്തെ വിലയായ 24,800 രൂപയില്‍ നിന്നാണ് 19,800ന് താഴെയെത്തിയത്. അപ്പോള്‍ പവന് 5,000 രൂപ ലാഭിക്കാന്‍ പറ്റും. ശരാശരി 25 പവന്‍ വാങ്ങുന്ന ഒരു കല്യാണ പാര്‍ട്ടിക്ക് ലാഭമായ് കിട്ടുന്നതോ ഒന്നേകാല്‍ലക്ഷം രൂപ. 50 പവന്‍ വാങ്ങുന്നവന് ലാഭം രണ്ടര ലക്ഷം. വില എപ്പോള്‍ വേണമെങ്കിലും കൂടാവുന്നതിനാല്‍ ഈ കണക്കിനാണ് ആള്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha