കേരളത്തില്‍ നീര്‍ത്തട പക്ഷികള്‍ വര്‍ദ്ധിക്കുന്നു
കേരളത്തിലെ നീര്‍ത്തടങ്ങളില്‍ പക്ഷികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വന്യജീവി പഠനവിഭാഗം, കേരള വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ ഒരു സര്‍വ്വേയിലാണ് ഇതു തെളിഞ്ഞത്. ഏഷ്യയിലെ ജലപക്ഷികളുടെ കണക്കെടുപ്പിന്റെ ഭാഗമായിട്ടാണ് ഈ സെന്‍സസ് നടത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളില്‍ 46005 പക്ഷികളെയാണു സെന്‍സസില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം പക്ഷികളുടെ എണ്ണം 37742 ആയിരുന്നു. പാടങ്ങളും ചതുപ്പുകളും നികത്തല്‍ കുറഞ്ഞതും ജൈവകൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതുമാണു പക്ഷികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പാടങ്ങള്‍ അന്താരാഷ്‌ട്ര പ്രാധാന്യമുള്ള ജൈവ മേഖലയായി, പ്രത്യേകിച്ചും നീര്‍പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത് ഇതിനു തുണയായിട്ടുണ്ട്. ഇരണ്ടകള്‍, നീര്‍കാക്കകള്‍, കൊക്കുകള്‍ തുടങ്ങി എല്ലാത്തരം പക്ഷികളും എണ്ണത്തില്‍ വര്‍ധിച്ചിട്ടുണ്ട്. വേമ്പനാട് കായല്‍ പ്രദേശത്തു നടത്തിയ സമാനമായ സര്‍വ്വേയില്‍ അവിടെയെത്തുന്ന പക്ഷികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടിയതായി തെളിഞ്ഞു. കഴിഞ്ഞവര്‍ഷം 17600 പക്ഷികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 30000 പക്ഷികളെ കണ്ടെത്താന്‍ കഴിഞ്ഞു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും വിനോദസഞ്ചാര പദ്ധതികള്‍ക്കായി വാങ്ങിക്കൂട്ടിയ ഈ പ്രദേശത്തെ പാടങ്ങള്‍ നിയമക്കുരുക്കില്‍പെട്ടു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ തരിശുകിടക്കുന്നതിനാല്‍ നീര്‍പക്ഷികള്‍ക്ക് ആഹാരവും അഭയസ്ഥാനവും യഥേഷ്‌ടം ലഭിക്കുന്നതാണ് ഇവിടെ പക്ഷികളുടെ എണ്ണം പെരുകാന്‍ കാരണം. കൂടാതെ പക്ഷിവേട്ട കര്‍ശനമായി തടയുന്നതിനുള്ള നടപടികളും, പൊതുജനങ്ങളുടെ ജാഗ്രതയും ജലപക്ഷികളുടേയും ദേശാടനപ്പക്ഷികളുടേയും സംഖ്യ ഗണ്യമായി വര്‍ധിക്കാന്‍ കാരണങ്ങളായി. വടക്കെ ഇന്ത്യയില്‍ നീര്‍ത്തടങ്ങളും ചതുപ്പുകളും ഗണ്യമായി കുറഞ്ഞുവരുന്നതും കേരളത്തിലേക്കുള്ള പക്ഷികളുടെ വര്‍ധിച്ചവരവിനു കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha