ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ കാലം ചെയ്‌തു
ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ എം. ചേനപ്പറമ്പില്‍ കാലം ചെയ്‌തു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 7;10 നായിരുന്നു അന്ത്യം. എണ്‍പത്തി മൂന്ന് വയസായിരുന്നു. കബറടക്കം നാളെ ആലപ്പുഴ സെന്റ് മേരീസ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നടക്കും.1984 മുതല്‍ 2001 വരെ അദ്ദേഹം രൂപതയെ നയിച്ചു. ആദ്യബിഷപ്പ് ഡോ മൈക്കിള്‍ ആറാട്ടുകുളം വിരമിച്ചതിനെ തുടര്‍ന്നാണ് സ്ഥാനമേറ്റത്. മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച ബിഷപ് ചേനപ്പറമ്പില്‍ വിസിറ്റേഷന്‍ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള കലവൂര്‍ പ്രസന്റേഷന്‍ ആരാമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1929 ഡിസംബര്‍ എട്ടിന് തുറവൂര്‍ മനക്കോടം ചേനപ്പറമ്പില്‍ മൈക്കിളിന്റെയും ജോസഫൈന്റെയും മകനായി ജനിച്ചു. പട്ടുനൂല്‍ക്കൃഷി, മുട്ടക്കോഴി, മീന്‍ വളര്‍ത്തല്‍ പദ്ധതികളുമൊക്കെ കടലോരത്ത് ആരംഭം കുറിച്ചു. സൗരോര്‍ജ അടുപ്പുകള്‍ ജനകീയമാക്കി. തീരദേശ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മഴവെള്ള സംഭരണിയുടെ ആശയം ആദ്യമായി കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.
പാവങ്ങളുടെ പക്ഷം ചേര്‍ന്ന പിതാവായിരുന്നു ബിഷപ് ചേനപ്പറമ്പിലെന്ന് ആലപ്പുഴ രൂപത അധ്യക്ഷന്‍ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമ്പത്തിക സുസ്ഥിതിക്കുവേണ്ടി നിരവധി പദ്ധതികള്‍ ബിഷപ് പീറ്റര്‍ എം. ചേനപ്പറമ്പില്‍ നടപ്പാക്കിയിട്ടുണ്ട്. ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക, ആരോഗ്യ പാലന സംവിധാനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കല്‍, ക്രെഡിറ്റ് യൂണിയന്‍ പദ്ധതികള്‍ തുടങ്ങിയവയ അവയില്‍ ചിലതുമാത്രമാണെന്നും അദ്ദേഹം അനുസ്‌മരിച്ചു.
https://www.facebook.com/Malayalivartha