കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിലായി. കിളിമാനൂര്‍ ജംഗ്‌ഷനില്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലെത്തിയ പ്രതിയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കിളിമാനൂര്‍ ചെങ്കിക്കുന്ന് കണ്ണന്‍മുക്ക് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ദിലീപ് (35) പിടിയിലായത്. മദ്യലഹരിയിലായിരുന്നതിനാല്‍ രാവിലെ വരെയും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. എന്നാല്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന നിഗമനത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തട്ടിയെടുത്ത പണവും ആഭരണങ്ങളും കണ്ടെത്തിയാലേ ഈ കേസില്‍ ഇയാളെ അറസ്റ്റ് രേഖപ്പെടുത്താനാകൂ എന്ന നിലപാടിലാണ് പൊലീസ്.
സംഭവശേഷം ഏതാണ്ട് മൂന്ന് ആഴ്‌ചകളായി ഇയാള്‍ ഒളിവിലാണ്. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. മാത്രമല്ല, ഇയാളുടെ കൈവശം കണ്ടെത്തിയ പണവും സംശയത്തിന് ഇട നല്‍കുന്നു. ഇത് മുമ്പ് ജോലി ചെയ്‌ത സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തതാണെന്ന സംശയവും ഉള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടിവരുന്നത്.
ഈ മാസം 9 ന് പുലര്‍ച്ചെയായിരുന്നു റിട്ട. ഡെപ്യൂട്ടി തഹസീല്‍ദാര്‍ കിളിമാനൂര്‍ പുല്ലയില്‍ എം.എസ് പാലസില്‍ ഷൈലജയെ കൊലപ്പെടുത്തിയ നിലയിലും ഭര്‍ത്താവ് എം.എസ് ഫിനാന്‍സ് ഉടമ മോഹന്‍കുമാറിനെ ഗുരുതരമായി പരിക്കേല്‌പിച്ച നിലയിലും കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫിനാന്‍സ് സ്ഥാപനത്തില്‍ ഇടപാടുകള്‍ക്കായി എത്തിയവരുടെ ലിസ്റ്റ് കണ്ടെത്തി അവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ദിലീപിന്റെ ചുറ്റിക്കളിയില്‍ സംശയമുദിക്കുന്നത്. ദിലീപ് ഫിനാന്‍സ് സ്ഥാപനത്തില്‍ ഇടയ്‌ക്കിടെ പണയം വയ്‌ക്കുന്നയാളാണ്. ഓട്ടോ ഓടാത്ത ദിവസങ്ങളില്‍ കോളനി കേന്ദ്രീകരിച്ച് നടക്കുന്ന ചീട്ടുകളിയില്‍ പങ്കെടുക്കുമായിരുന്നു. ഇതിനായി പണം വേണ്ടിവരുമ്പോഴാണ് ഇയാള്‍ ഭാര്യയുടെ ആഭരണം പണയം വയ്‌ക്കുന്നത്.
ഇത്തരത്തില്‍ മുപ്പതിനായിരം രൂപയ്‌ക്ക് പണയം വച്ച ആഭരണം തിരിച്ചെടുക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. ഇക്കാര്യം മോഹന്‍കുമാര്‍ ദിലീപിന്റെ ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. ഉടനേ പണയം എടുത്തില്ലെങ്കില്‍ ആഭരണം നഷ്ടപ്പെടുമെന്നായപ്പോള്‍ ഭാര്യ ഇയാളുമായി വഴക്കിടുകയും ചെയ്‌തിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ പണയ ഉരുപ്പടിയെ സംബന്ധിച്ച് സംസാരിക്കാനെന്ന പേരില്‍ എത്തിയ ദിലീപ് ഇരുവരേയും കൊല്ലാന്‍ ശ്രമിച്ചു എന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha