ബിജു രമേശ് തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
ബിജു രമേശ് തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ തുറക്കാന്‍ കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ച ബിജു രമേശ് ഇക്കാര്യം മുഖ്യമന്ത്രി നേരില്‍ക്കണ്ട് അറിയിച്ചിരുന്നതായി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ബിജു രമേശിനെ കണ്ടിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. ബിജു രമേശ് തന്നെ കണ്ടുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെങ്കില്‍ എവിടെവെച്ച്, ആര്‍ക്കൊപ്പം കണ്ടു തുടങ്ങിയ കാര്യങ്ങള്‍കൂടി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തന്നെ ഇക്കാര്യത്തില്‍ ബന്ധപ്പെടുത്തിയതിനാല്‍ ആധികാരികമായിത്തന്നെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിക്കെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. അരനൂറ്റാണ്ടിലേറെ രാഷ്ട്രീയപൊതുപ്രവര്‍ത്തനരംഗത്തുള്ളയാളാണ് കെ.എം മാണി. മന്ത്രിയായും എംഎല്‍എയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. പൊതുജീവിതത്തില്‍ ഒരിക്കലും കൈക്കൂലി വാങ്ങാത്തയാളാണ് മാണി. ഈ ആരോപണം സത്യത്തിന് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.സി ജോര്‍ജ്ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണം തിരുത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ആരോപണത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഒരിക്കലും പ്രതാപന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പ്രതാപന്‍ ചെയ്തത് വലിയ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ബാര്‍ കൈക്കൂലി വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എം മാണി പ്രതികരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha