ബാര്‍ കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി
ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനുവേണ്ടി ഒരു കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടി.എന്‍. പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് ചെന്നിത്തല പ്രതികരിച്ചത്. പ്രതാപന്റെ പ്രസ്താവന ശരിയായില്ല. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടെന്ന കാര്യം പ്രതാപന്‍ മറക്കരുത്. ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ. എം. മാണി അഞ്ചു കോടി രൂപ കൈക്കൂലി ചോദിച്ചെന്നാണ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്. ഇതില്‍ ഒരു കോടി രൂപ മാണിക്ക് നല്‍കിയെന്നും ബിജു രമേശ് ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha