പ്രതിഷേധം ചുംബനമായി.... ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചുംബനസമരക്കാരെ അറസ്റ്റ് ചെയ്തു; എന്നാല്‍ അറസ്റ്റിനിടയിലും അവര്‍ ചുംബിച്ചു
സദാചാര ഗുണ്ടകള്‍ക്കെതിരെയുള്ള ന്യൂ ജനറേഷന്‍ ചുംബന സമരത്തിന് പോലീസും പ്രതിഷേധക്കാരും ചേര്‍ന്ന് കൂച്ചുവിലങ്ങിട്ടു. ചുംബന സമരക്കാര്‍ അമ്പതോളം പേര്‍ മാത്രമായപ്പോള്‍ കാണാന്‍ വന്നവര്‍ അയ്യായിരത്തില്‍ കൂടുതലായി. ആയിരക്കണക്കിന് പ്രതിഷേധക്കാരുമെത്തി. ഇതോടെ ചുംബനക്കാര്‍ മറൈന്‍ ഡ്രൈവിലെത്തിയാല്‍ പ്രതിഷേധക്കാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയുമായി. അങ്ങനെ ക്രമസമാധനം തകരാറിലാകുമെന്ന് കണ്ട് പോലീസ് ചുംബന സമരക്കാരെ വഴിയില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെ സമര വേദി മറൈന്‍ ഡ്രൈവില്‍ നിന്നും ലോ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും നടന്നില്ല.
പരസ്പരം ആലിംഗനം ചെയ്തും ചുംബനം നല്‍കിയും സദാചാര ഗുണ്ടകള്‍ക്കെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് അവര്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ എത്തിയത്. എന്നാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉണ്ടാകുകയും അവര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ചുംബനക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ അതിനിടയിലും അവര്‍ പരസ്പരം ചുംബനം കൈമാറി.
പല വെല്ലുവിളികള്‍ നേരിട്ടെങ്കിലും ചുംബന സമരത്തിന് വന്‍ പ്രശസ്തിയാണ് ലഭിച്ചത്. സദാചാര ഗുണ്ടായിസത്തിനെതിരേ നടത്തുന്ന സമരം എന്ന നിലയില്‍ വന്‍ അംഗീകാരവും ലഭിച്ചു. കമിതാക്കള്‍ മാത്രമല്ല അമ്മയും അച്ഛനും കമിതാക്കളുമൊക്കെ സമരത്തിന്റെ ഭാഗമായി. പരസ്പരം സ്‌നേഹം കൈമാറാനുള്ള രീതിയില്‍ ചുംബന സമരം മാറുകയായിരുന്നു. അമ്പതോളം വാളണ്ടിയര്‍മാരാണ് പരിപാടി വീക്ഷിക്കാനായി ഉണ്ടായത്.
മറൈന്‍ ഡ്രൈവിലെ കൂട്ടായ്മക്ക് പോലീസ് അനുമതി നല്‍കിയില്ലായിരുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് പോലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. രാത്രി മുതല്‍ മറൈന്‍ ഡ്രൈവും പരിസരവും പോലീസ് നിരീക്ഷണത്തിലായിരുന്നു.
മറൈന്‍ ഡ്രൈവിലെ ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചുംബന സമരത്തെ എതിര്‍ത്തും അനുകൂലിച്ചും ഇതിനോടകം നിരവധിപേര്‍ രംഗത്തെത്തി. രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കിടയിലും ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. കെ.എസ്.യു വനിതാ കൂട്ടായ്മ സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള യുവ നേതാക്കള്‍ സമരത്തിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഇടതു സംഘടനകളും സമരത്തെ അനുകൂലിക്കുന്നു. കൂട്ടായ്മക്കെതിരെ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വി.എച്ച്.പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ അറിയിച്ചപ്പോള്‍, സമരക്കാരെ ചൂരലിന് അടിക്കുമെന്നാണ് ശിവസേന പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha