ബാര്‍ കോഴ വിവാദത്തില്‍ നിലപാടുമാറ്റി പിണറായി വിജയന്‍
ബാര്‍ കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിലപാട് മാറ്റി. മാണിക്ക് അനുകൂലമായി മൃദുസ്വരത്തില്‍ കഴിഞ്ഞ ദിവസം വരെ സംസാരിച്ചിരുന്ന പിണറായി. മാണിയെ പിന്തുണക്കേണ്ടതില്ലെന്നു കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണു പിണറായിയുടെ സ്വരംമാറ്റമെന്നാണു സൂചന. ആരോപണം ഉയര്‍ന്നിട്ടും മന്ത്രി മാണിയോട് മൃദുസമീപനം സ്വീകരിച്ചത് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫ് പാളയത്തിലെത്തിക്കാന്‍ സ്വീകരിച്ച നടപടികളുടെ ബാക്കിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.ബാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെയും പങ്കാളിത്തവും അഴിമതി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ബാര്‍ കോഴ ഇടപാട് പുറത്തുവന്നതോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നാതായും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു ബാര്‍ കോഴക്കേസിലും വിജിലന്‍സിനെ കളിപ്പാട്ടമാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു കൂസലുമുണ്ടാകില്ലെന്നും പിണറായി അരോപിച്ചു.
മന്ത്രിമാരുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ അഴിമതി ഇടപാട് നടന്നെന്നു ബാര്‍ ഉടമകളുടെ പ്രതിനിധികള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. തെളിവുകള്‍ ശേഖരിക്കാനും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും ആക്ഷേപ വിഷയത്തില്‍ താന്‍ കക്ഷിയായതുകൊണ്ട് ഇക്കാര്യം തനിക്കറിയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതിനു പിന്നാലെയാണു വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം വന്നത്. കോഴ ഇടപാടില്‍ വസ്തുതയും അടിസ്ഥാനവും ഉണ്ടെന്നു സര്‍ക്കാര്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയതുകൊണ്ടാകണം അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നതു ഭൂഷണമെല്ലന്നും പിണറായി പറഞ്ഞു.
അതിനിടെ കെ,എം. മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഉദ്ദേശിക്കുന്നില്ലെന്നു സി.പി.എം. കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മാണിയെ മുഖ്യമന്ത്രിയാക്കി യു.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സി.പി.ഐയും വി.എസും ഈ നീക്കത്തിനെതിരായിരുന്നു. കെ.എം. മാണിയുമായി ഒരു ധാരണയും പാടില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ നല്‍കിയ കത്തിലും ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കോഴയാരോപണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട വി.എസിന്റെ നിലപാടിനെ പിണറായി ഇന്നലെത്തന്നെ തിരുത്തി. ഏതന്വേഷണം വേണമെന്ന നിലപാട് പിന്നീട് അറിയിക്കുമെന്നും സി.ബി.ഐ. ആരോപണങ്ങള്‍ക്ക് അതീതമായ അന്വേഷണ ഏജന്‍സിയല്ലെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha