ട്രെയിനിലെ മോഷണ ശ്രമം തടയുന്നതിനിടെ ജി സുധാകരന്‍ എംഎല്‍എയുടെ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു
ജി. സുധാകരന്‍ എംഎല്‍എയുടെ സാഹസികമായ ഇടപെടലില്‍ ട്രെയിനിലെ മോഷണശ്രമം തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ 12.45നു ഹൗറ റയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. അതിനിടെ എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു. നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ സഹ അംഗങ്ങളായ എംഎല്‍എമാര്‍ മുല്ലക്കര രത്‌നാകരന്‍, എന്‍. ഷംസുദ്ദീന്‍, എം. ചന്ദ്രന്‍ എന്നിവരും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട പത്തംഗ സംഘത്തോടൊപ്പം അസം, മിസോറാം, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു ജി. സുധാകരന്‍. കഴിഞ്ഞ 23ന് ആണു സംഘം യാത്ര തിരിച്ചത്.
\'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞു ശനിയാഴ്ച ചൈനീസ് അതിര്‍ത്തിയായ നാഥുലപാസ് സന്ദര്‍ശിച്ച ശേഷം ന്യൂജല്‍പൈഗുരി ജംക്ഷന്‍ എന്ന സ്ഥലത്തു നിന്നാണു ജി സുധാകരനും സഹ എംഎല്‍എമാരും ദിബ്രുഗഡ് - ബാംഗ്ലൂര്‍ വീക്കിലി എക്‌സ്പ്രസില്‍ കയറിയത്. ഞങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഉണ്ടായിരുന്നെങ്കിലും പന്ത്രണ്ടു മണിയോടെ ഡ്യൂട്ടി പരിധി കഴിഞ്ഞതായി അറിയിച്ച് അവര്‍ മടങ്ങി. എംഎല്‍എമാര്‍ എ വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു. മുല്ലക്കര രത്‌നാകരന്‍ മുകളിലും ഞാന്‍ താഴെയുമുള്ള ബര്‍ത്തില്‍ ഉറങ്ങുമ്പോഴാണ് ഒരു നിലവിളി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു.
നോക്കുമ്പോള്‍ അടുത്തുള്ള ബെര്‍ത്തില്‍ കിടന്നിരുന്ന യുവതി നിലത്തു കിടക്കുകയാണ്. മോഷ്ടാവ് അവരുടെ ബാഗ് പിടിച്ചുപറിക്കാനായി ശ്രമിക്കുന്നു. ഞാന്‍ ഓടിച്ചെന്ന് അയാളെ പിടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അയാള്‍ ബാഗ് വിട്ട് ഓടി. യുവതിയെ പിടിച്ചെണീപ്പിച്ചു സീറ്റിലിരുത്തിയശേഷം ഞാന്‍ കള്ളനു പിന്നാലെ ഓടി. പ്ലാറ്റ്‌ഫോമില്‍ പൊലീസും യാത്രക്കാരും നോക്കിനില്‍ക്കെ കള്ളന്‍ അവിടെ നിന്ന് എതിര്‍വശത്തെ പ്ലാറ്റ്‌ഫോമിലേക്കു ചാടിക്കടന്നു രക്ഷപ്പെട്ടു.
തിരികെ ബെര്‍ത്തിലെത്തി കിടക്കാനൊരുങ്ങിയപ്പോഴാണ് തന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി മനസ്സിലായത്. മുല്ലക്കര രത്‌നാകരന്റെ ഫോണില്‍ നിന്നു വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തുവെന്ന മറുപടിയാണു ലഭിച്ചത്. ടിടിഇക്കും റയില്‍വേ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയശേഷം നാട്ടില്‍ വിളിച്ചു സൈബര്‍സെല്ലിനു പരാതി നല്‍കാനും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ബിഎസ്എന്‍എലില്‍ അപേക്ഷ നല്‍കാനാനും നിര്‍ദേശിച്ചു. ബംഗാളിലുംമറ്റും ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്ന മറുപടിയാണു പൊലീസില്‍നിന്നു ലഭിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha