ആളുമാറി അറസ്റ്റ്… ഇന്റര്‍പോള്‍ ലിസ്റ്റിലുള്ള കൊടും കുറ്റവാളിയായ സാറാ വില്യംസിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയായ സാറാ തോമസിനെ
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലപ്പോഴും കളിയാക്കി ചോദിക്കുമെങ്കിലും പേരിലാണ് കാര്യമെന്ന് സാറാ തോമസ് എന്ന ഈ പ്രവാസി മലയാളി ശരിക്കും തിരിച്ചറിഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി കൊടും കുറ്റവാളി എന്ന ലേബലില്‍ നിന്നും സാറാ തോമസ് പുറത്തിറങ്ങിയത് നരകയാതനകള്‍ക്ക് ശേഷമാണ്. സാമ്പത്തിക തട്ടിപ്പുകേസില്‍ ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പുനലൂര്‍ പത്തേക്കര്‍ ഇത്തിവിള ബംഗ്ലാവില്‍ സാറാ വില്യംസ് എന്നു തെറ്റിദ്ധരിച്ചാണു സാറാ തോമസിനെ ചെന്നൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അറസ്‌റ്റ് ചെയ്‌തത്.
ദുബായില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്‌ടറായ സാറാ തോമസ് കഴിഞ്ഞ 29ന് മകനേ കാണാനാണു രാവിലെ 8.10നു ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. സാറാ വില്യംസിന്റെയും സാറാ തോമസിന്റെയും പേരും ജനനതീയതിയും തിരിച്ചറിയല്‍ അടയാളങ്ങളും ഒന്നായിരുന്നു. സംശയത്തിന്റെ പേരിലാണ് എമിഗ്രേഷന്‍ അധികൃതര്‍ സാറാതോമസിനെ തടഞ്ഞുവച്ചത്.
ആര്‍.എന്‍. ഗോഷ് എന്ന ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തില്‍ ഇവരെ കസ്‌റ്റഡിയില്‍ എടുക്കുകയും വൈകിട്ട് 7.30 വരെ ചോദ്യം ചെയ്യുകയും ചെയ്‌തു.
ഒടുവില്‍ തമിഴില്‍ എഴുതിയ കടലാസില്‍ ബലമായി ഒപ്പ് വയ്‌പ്പിച്ചു. തുടര്‍ന്നു സാറയെ വിമാനത്താവള പോലീസിനു കൈമാറി. പോലീസ് ഇവരെ ചെന്നൈ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. സാറയുടെയും ബന്ധുക്കളുടെയും ഭാഗം കേള്‍ക്കാന്‍ പോലീസും എമിഗ്രേഷന്‍ അധികൃതരും തയാറായില്ല.
ചെന്നൈയില്‍ ബി.ബി.എ വിദ്യാര്‍ഥിയായ മകന്‍ കെവിന്‍ ജോണ്‍ സജിത്തും ബന്ധുക്കളും ചേര്‍ന്ന്ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തതാണു വഴിത്തിരിവായത്. തുടര്‍ന്നു സാറയെ കാണാന്‍ കോടതി ഇവര്‍ക്ക് അനുവാദം നല്‍കി.
കഴിഞ്ഞ 31നു കൊല്ലം ക്രൈംബ്രാഞ്ചില്‍നിന്നും സി.ഐ: ബാലാജി, പ്രസാദ്, സൈന എന്നീ പോലീസുകാര്‍ ചെന്നൈയിലെത്തി സാറയെ കൊല്ലത്തേക്കു കൊണ്ടുവരുകയായിരുന്നു. ഒന്നിനു രാത്രി 11.30-നോടെ വനിതാ സെല്ലില്‍ എത്തിച്ച സാറയെ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുവന്നു ചോദ്യം ചെയ്‌തു.
സംഭവം അറിഞ്ഞ് കുവൈത്തില്‍നിന്നു സാറാ തോമസിന്റെ മാതാപിതാക്കളും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി സാറയുടെ നിരപരാധിത്തം ബോധ്യപ്പെടുത്തി.
എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനുശേഷമേ സാറയെ വിട്ടയയ്‌ക്കൂ എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്. യഥാര്‍ഥ പ്രതി സാറാ വില്യംസിന്റെ പുനലൂര്‍ പത്തേക്കറിലുള്ള ബന്ധുക്കളെയും കൊല്ലം മയ്യനാട്ടുള്ള ഭര്‍ത്താവിന്റെ ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ വിളിച്ചുവരുത്തി തെളിവെടുത്തു. കസ്‌റ്റഡിയിലെടുത്തത് സാറാ വില്യസിനെയല്ല എന്ന് ബന്ധുക്കള്‍ സ്‌ഥിരീകരിച്ചതോടെയാണു സാറാ തോമസിന്റെ മോചനം സാധ്യമായത്.
വ്യാജമരണ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണു പുനലൂര്‍ പത്തേക്കര്‍ സ്വദേശി സാറാ വില്യസിനെതിരെ ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കുന്ന 16 മലയാളികളില്‍ ഒരാളാണു സാറാ വില്യംസ്. ഇവര്‍ പിന്നീട് സാറാ തോമസെന്നു പേരു മാറ്റിയിരുന്നു.
തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതോടെ ഇവരെ പുനലൂര്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിനു മുന്നില്‍ ഹാജരാക്കി വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha