മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായി, ആശങ്കയുണ്ടെന്ന് ചീഫ് സെക്രട്ടറി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായി.അണക്കെട്ടിന്റെ സ്ഥിതിയില്‍ ആശങ്കയുണ്ടെങ്കിലും ഇപ്പോള്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിലും ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതിലും ആശങ്കയുണ്ട്. ഷട്ടറുകളുടെ തകരാറു പരിഹരിക്കാന്‍ തമിഴ്‌നാട് ഉടന്‍ നടപടിയെടുക്കണം. ഇന്നുനടക്കുന്ന മേല്‍നോട്ട സമിതി യോഗത്തില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും മന്ത്രിസഭയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡാം മേല്‍നോട്ടസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 456 ഘനയടിയില്‍നിന്ന് 1756 ഘനയടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 25 മില്ലീമീറ്റര്‍ മഴ ലഭിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 0.52 അടികൂടി വര്‍ധിച്ച് 2383.12 അടിയായി. ഡാം നിറയാന്‍ 20 അടികൂടി ജലനിരപ്പ് ഉയരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് 136 അടിക്കു മുകളിലുള്ള വെള്ളം മുന്‍കാലങ്ങളിലെപ്പോലെ ഇടുക്കിയിലേക്ക് ഒഴുകിയിരുന്നെങ്കില്‍ ഇടുക്കി നിറയുന്ന ഘട്ടത്തില്‍ എത്തുമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 10.04 അടി കുറവാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. 19.25 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഡാമില്‍ ഒഴുകിയെത്തി. 1659.07 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഡാമിലുണ്ട്. ഇതു സംഭരണശേഷിയുടെ 77.24 ശതമാനം വരും. മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം 6.83 ദശലക്ഷം യൂണിറ്റായിരുന്നു.
കഴിഞ്ഞദിവസം ഉപസമിതി നടത്തിയ പരിശോധനയില്‍ അണക്കെട്ടിന്റെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയ ചോര്‍ച്ചകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അണക്കെട്ടില്‍ 10-11, 17-18 എന്നീ ബ്ലോക്കുകള്‍ക്കിടയിലാണു ചോര്‍ച്ച ശക്തമായി തുടരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha