മാണിക്ക് പാര്‍ട്ടി പിന്തുണ; വീജിലന്‍സ് അന്വേഷണത്തെ കയ്യും കെട്ടി നോക്കിനില്‍ക്കില്ല
ബാര്‍ കോഴവിവാദത്തില്‍ വിജിലന്‍സ് അന്വേഷണം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയുടെ ഇമേജിനെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയാല്‍ സര്‍വ ശക്തിയുമെടുത്ത് ആഞ്ഞടിക്കാന്‍ പാര്‍ട്ടി തീരുമാനം. വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി, മാണിക്കെതിരെ ആരോപണമുന്നയിച്ച ബാറുടമ ഡോ.ബിജു രമേശിനെതിരെയുള്ള പരാതി നല്‍കല്‍, ആരോപണത്തിനെതിരെയുള്ള പാര്‍ട്ടി പ്രചാരണം എന്നിവയടക്കം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടിയുടെ അടിയന്തിര ഹൈപ്പവര്‍ കമ്മിറ്റി ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും.
മാണിയെ പിന്തുണച്ച് യു.ഡി.എഫ് നേതാക്കള്‍ രംഗത്തുവരികയും തുടക്കത്തില്‍ സി.പി.എം പോലും കടുത്ത നടപടിയിലേക്ക് നീങ്ങാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന ആഭിപ്രായവും പാര്‍ട്ടിക്കുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതോടെ മാണി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമായതായും സര്‍ക്കാര്‍ ഇതിന് അവസരമുണ്ടാക്കി കൊടുത്തതായും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ ആരെയും പ്രകോപിപ്പിക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സംയമനം പാലിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളെ മാത്രമല്ല ഇടതുപക്ഷത്തുള്ളവരെയും പ്രകോപിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന അടിയന്തര നേതൃയോഗം നല്‍കിയതായി ഒരു ഉന്നത നേതാവ് പറഞ്ഞു. വിവാദ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവുമ്പോള്‍ ഉന്നത നേതാക്കളുടെ സമിതി രൂപീകരിച്ചാണ് പ്രശ്‌നപരിഹാരം നടത്തുക. പാര്‍ട്ടി ചെയര്‍മാനെതിരെ ഉയര്‍ന്ന ആരോപണമായതിനാലാകാം സമിതിയെ നിയോഗിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് പാര്‍ട്ടി ജനറല്‍സെക്രട്ടറി ജോയ് എബ്രഹാം എം.പി പ്രതികരിച്ചത്. പാര്‍ട്ടി ചെയര്‍മാനെതിരായ ആരോപണം രാഷ്ടീയ പ്രേരിതമാണോ അതോ വ്യക്തിഹത്യ നടത്താനുള്ള നീക്കമായിരുന്നോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha