ബാര്‍ കോഴ, അന്വേഷണ സംഘത്തെ ഇന്ന് നിയമിച്ചേക്കും
ധന മന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ ഇന്നു നിയോഗിക്കും. പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കുന്ന ക്വിക് വെരിഫിക്കേഷന്‍ നടത്താനാണു വിജിലന്‍സിന് നിര്‍ദേശം.
കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോ, പണം കൊടുത്തിട്ടുണ്ടോ,അതിന്റെ പേരില്‍ എന്തെങ്കിലും ആനുകൂല്യം നല്‍കിയോ, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നീ നാലു കാര്യങ്ങളാണു ക്വിക് വെരിഫിക്കേഷനിലൂടെ പരിശോധിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ആരോപണം ഉന്നയിച്ച ബിജു രമേശിന്റെയും മന്ത്രി കെ.എം. മാണിയുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.
ഏതെങ്കിലും സാക്ഷികളുടെയോ ബന്ധമുള്ള മാറ്റാരുടെയെങ്കിലുമോ പേരുകള്‍ ഇവര്‍ പറഞ്ഞാല്‍ അവരുടെയും. വിജിലന്‍സ് ഉന്നതര്‍ക്ക് ഈ തെളിവെടുപ്പില്‍ തൃപ്തിയില്ലെങ്കില്‍ വേണമെങ്കില്‍ വിജിലന്‍സ് എന്‍ക്വയറി എന്ന അടുത്ത ഘട്ടത്തിന് ഉത്തരവ് നല്‍കാം. അതും കേസ് റജിസ്റ്റര്‍ ചെയ്യാതെയുള്ള അന്വേഷണമാണ്. കൂടുതല്‍ വിശദ അന്വേഷണവും തെളിവെടുപ്പുമാണ് ഇതില്‍. ആറു മാസത്തിനുള്ളില്‍ ഇത്തരം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു വിജിലന്‍സ് തീരുമാനം. എന്നാല്‍ ഇന്നേവരെ ഒരു വിജിലന്‍സ് എന്‍ക്വയറിയും ആറു മാസത്തിനകം തീര്‍ന്നിട്ടില്ല. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി, വിജിലന്‍സ് ഇന്റലിജന്‍സ് എസ്പി എന്നിവരില്‍ ഒരാളെ അന്വേഷണ ചുമതല ഏല്‍പ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാകും അന്വേഷണവുമായി ഏതു തരത്തില്‍ സഹകരിക്കണമെന്നു തീരുമാനിക്കുകയെന്നു ബിജു രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha