രാജന്റെ മൃതദേഹം പന്നികള്‍ക്ക് തീറ്റയായി കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി പോലീസ് ഡ്രൈവര്‍
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ (എംപിഐ) യില്‍ കൊണ്ടുവന്ന് പന്നികള്‍ക്ക് തീറ്റയായി കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി പോലീസിന്റെ പഴയ കരാര്‍ ഡ്രൈവര്‍ രംഗത്തെത്തി. തിങ്കളാഴ്ച ഒരു സ്വകാര്യ ചാനലിലൂടെയാണ് സംഭവത്തിലുള്‍പ്പെട്ടുവെന്ന് പറയുന്ന ഡ്രൈവര്‍ രാജന്‍ കേസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
രാജന്റേതെന്ന് സംശയിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം എംപിഐയിലെ ഐസ് ചേംബറില്‍ തള്ളിയെന്നാണ് ഇയാള്‍ പറയുന്നത്.പോലീസ് ജീപ്പില്‍ മര്‍ദിച്ചവശനാക്കിയ നിലയില്‍ ഒരു യുവാവിനെ ഇടയാറിലെ ബേക്കണ്‍ ഫാക്ടറിയില്‍ (ഇന്നത്തെ മീറ്റ്‌പ്രോഡക്ട് ഓഫ് ഇന്ത്യ) എത്തിച്ചു. ഫാക്ടറിക്കു മുന്നിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആദ്യം തടസ്സം ഉന്നയിച്ചു. എന്നാല്‍, മന്ത്രിയുടെ ഉത്തരവാണെന്നു പറഞ്ഞപ്പോള്‍ അകത്തേക്ക് പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫാക്ടറിയിലെ ഐസ് ചേംബറിലേക്ക് തള്ളിയ യുവാവിന്റെ മൃതദേഹം കൊത്തിനുറുക്കി അരച്ച് പന്നികള്‍ക്ക് നല്‍കിയെന്നുമാണ് അദ്ദേഹം പറയുന്നത്.
അന്ന് വാര്‍ത്ത പുറത്തായതോടെ എംപിഐ ഫാക്ടറിയില്‍ ജീവനക്കാര്‍ തമ്മിലുള്ള വിവരങ്ങള്‍ തിരക്കല്‍ മാത്രം വൈകീട്ട് നടന്നു. 1976-1977 കാലഘട്ടത്തിലുള്ള ജോലിക്കാര്‍ ഇന്ന് എംപിഐയില്‍ ഇല്ല.
ആദ്യകാലത്ത് ഇവിടെ സെക്യൂരിറ്റി സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലായിരുന്നുവെന്നും പഴയ ഗ്രില്ല് കൊണ്ട് നിര്‍മിച്ച ഗേറ്റാണുണ്ടായിരുന്നത് എന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു.
1976 മാര്‍ച്ച് ഒന്നിനാണ് രാജന്‍, ജോസഫ് ചാര്‍ലി എന്നീ വിദ്യാര്‍ഥികളെ കോഴിക്കോട് റീജണല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോകുന്നത്. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കക്കയം പോലീസ് ക്യാമ്പിലേക്കാണ് രാജനെ കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. രാജന് ക്യാമ്പില്‍ മര്‍ദനമേറ്റുവെന്നും പിന്നീട് പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയി എന്നുമാണ് അന്ന് പ്രചരിച്ചിരുന്നത്. മൃതദേഹം എന്തു ചെയ്തുവെന്ന് ഇതുവരെ യഥാര്‍ഥ വിവരം വെളിച്ചത്തുവന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha