മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി. കനത്ത മഴയും ഷട്ടര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് കേരളമുന്നയിച്ച ആവശ്യമാണ് മേല്‍നോട്ട സമിതി തള്ളിയത്.
അതിനാല്‍ ജലനിരപ്പ് 140 അടിയിലെത്തുകയോ ഒരു ദിവസം രണ്ടടി കൂടുകയോ ചെയ്താല്‍ മാത്രം ഷട്ടര്‍ തുറന്നാല്‍ മതിയെന്നാണ് സമിതി തീരുമാനം. മുല്ലപ്പെരിയാര്‍ തീരത്ത് വീണ്ടും ആശങ്ക പരന്നിട്ടുമുണ്ട്.
ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന ആവശ്യവും തമിഴ്‌നാട് തള്ളി. കേരളത്തിന്റെ ഒരു ആവശ്യവും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൊണ്ടുപോയി തമിഴ്‌നാട് സംഭരിക്കുന്ന വൈഗ ഡാമില്‍ ഇപ്പോള്‍ 45 ശതമാനം വെള്ളമേയുള്ളൂവെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്. കുറച്ച് ദിവസങ്ങളായി തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നതെന്ന് വി.ജെ.കുര്യന്‍ പറഞ്ഞു.
സെക്കന്‍ഡില്‍ 2511 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം വരെ സെക്കന്‍ഡില്‍ 1756 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോയിരുന്നു. പിന്നീട് ഇത് 750 ഘനയടിയായി കുറയ്ക്കുകയായിരുന്നു. 13 ഷട്ടര്‍ നന്നാക്കാനായി അതേപോലുള്ള 12 ഷട്ടറിന്റെ മോള്‍ഡ് അഴിച്ചുകൊണ്ടുപോയിരിക്കുകയാണ്. ഫലത്തില്‍ രണ്ടും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.
ഡാമില്‍നിന്ന് ഒലിച്ചിറങ്ങുന്ന(സീപ്പേജ്) വെള്ളത്തിന്റെ അളവ് മിനിറ്റില്‍ 112.9 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അണക്കെട്ടിലെ ജലനിരപ്പ് 137.7 അടിയാണ്. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മീഷന്റെ ഹൈഡ്രോളിക് ഡയറക്ടറേറ്റ് തമിഴ്‌നാടിനോട് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 140 അടിയായി ജലനിരപ്പുയരുമ്പോള്‍ ഷട്ടര്‍ തുറക്കാനുള്ള നടപടിയാരംഭിക്കാമെന്നായിരുന്നു തമിഴ്‌നാടിന്റെ മറുപടി. എന്നാല്‍ 138 അടിയെത്തുമ്പോള്‍ത്തന്നെ നടപടികള്‍ തുടങ്ങണമെന്നും ജല കമ്മീഷന്‍ ആവശ്യപ്പെട്ടു. ഫലത്തില്‍ ഈ നിര്‍ദേശവും മേല്‍നോട്ടസമിതി തള്ളിയിരിക്കുകയാണ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് മേല്‍നോട്ട സമിതിയെ നിയോഗിച്ചത്. ഷട്ടറുകള്‍ 142 അടിയാക്കി തമിഴ്‌നാട് ക്രമീകരിക്കുകയും ചെയ്തു. നേരത്തെ 136 അടിയെത്തിയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുമായിരുന്നു. ജലനിരപ്പ് തമിഴ്‌നാട് ഉയര്‍ത്തിയതോടെ സാധാരണഗതിയില്‍ 142 അടി കഴിഞ്ഞാലേ ഇടുക്കിയിലേക്ക് വെള്ളമെത്തൂ.
142 അടി വെള്ളം ആകുമ്പോള്‍ മേല്‍നോട്ട സമിതിയുടെ അടുത്ത യോഗം ചേരാമെന്നാണ് അധ്യക്ഷന്‍ എല്‍.എ.വി.നാഥന്‍ അറിയിച്ചത്. എന്നാല്‍ വെള്ളം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ അടുത്തയാഴ്ചതന്നെ യോഗം ചേരണമെന്ന് കേരളം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha