ബാര്‍ കോഴ ആരോപണത്തില്‍ വിഎസിന്റെ നിലപാട് സിപിഎം സെക്രട്ടറിയേറ്റ് തള്ളി
ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഫലപ്രദമല്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല. അഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്.
കെ.എം.മാണി എല്‍ഡിഎഫിലേക്ക് വരാനുള്ള സാധ്യത കാണുന്നില്ലെന്നും പിണറായി പറഞ്ഞു. ആദ്യഘട്ടത്തില്‍ മാണിയുടെ രാജി ആവശ്യപ്പെടാതിരുന്നത് സമഗ്ര അന്വേഷണം വേണമെന്നതിനാണ്. അന്വേഷണം മാണിയില്‍ മാത്രമായി ഒതുക്കരുത്. വിജിലന്‍സ് അന്വേഷണം പലപ്പോഴും അപഹാസ്യമാണ്. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് നേരത്തെ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടാത്തതിനാല്‍ ജുഡീഷ്യല്‍ അന്വേഷണവും സാധാരണഗതിയില്‍ ഫലപ്രദമാകാറില്ല. അതുകൊണ്ടാണ് കേടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്.
സോഷ്യലിസ്റ്റ് ജനതയും ആര്‍എസ്പിയും യുഡിഎഫ് വിട്ടുവരണമെന്ന വിഎസിന്റെ ആവശ്യവും പിണറായി തള്ളി. ഈ രണ്ടു പാര്‍ട്ടികളും യുഡിഎഫിലെ കക്ഷികളാണെന്നും അതുകൊണ്ടുതന്നെ യുഡിഎഫിലെ എല്ലാ പുഴുക്കുത്തുകളും ഇവരിലും കാണുമെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha