വീര്യവും വിഷവും നുരയുന്ന ബാര്‍ വിവാദം
സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ജേക്കബ് സ്റ്റീഫന്റെ ലേഖനം, ബാര്‍ വിവാദം വാസ്തവമെന്ത്? ഇന്നലത്തെ റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ ഓരോ ബാറുകാരുടെയും കയ്യില്‍ നിന്ന് 2 ലക്ഷം വീതം പിരിച്ചെന്നും 700 ബാറുകളില്‍ നിന്നും 14 കോടി പിരിച്ചെടുത്തെന്നും ബിജു രമേഷ് തുറന്നടിച്ചു. ഈ ലിസ്റ്റു പുറത്തുവിട്ടാല്‍ കോണ്‍ഗ്രസുകാരില്‍ പലരും കാണില്ല എന്നും വെല്ലുവിളിക്കാന്‍ ബിജു മറന്നില്ല. ഏപ്രില്‍ മാസം 4-ാം തീയതി എറണാകുളത്ത് മേഴസി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ബാര്‍ അസോസിയേഷന്‍ മീറ്റിംഗില്‍ ബിജു രമേഷ് ആഞ്ഞടിച്ചു. ഈ സര്‍ക്കാരിനെ വീഴിക്കണം. എം.എല്‍.എ.മാരെ പണം കൊടുത്തു വിലയ്ക്കു വാങ്ങണം. എന്നാല്‍ തൊട്ടുപുറകേ സംസാരിച്ച എലൈറ്റ് സദാനന്ദന്‍ നമ്മള്‍ തീക്കളിക്കു മുതിരണ്ട എന്നു പറഞ്ഞെങ്കിലും ബിജു തിരുത്തി.
പാര്‍ലമെന്റ് ഇലക്ഷനു മുന്‍പ് തിരുവനന്തപുരത്ത് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെയും, തൊഴിലാളികളുടെയും നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ആളുകളെ ഇറക്കി അക്രമാസക്തരാക്കണമെന്നും വെടിവെപ്പുള്‍പ്പെടെ നടത്തിപ്പിച്ച് കേരളം ഇളക്കിമറിക്കണമെന്നും ഒരുകൂട്ടര്‍ തീവ്രനിലപാടെടുത്തു. ഇവിടെയും അസോസിയേഷനിലെ ഭൂരിപക്ഷം മിതവാദികളുമായിരുന്നു.
ബാര്‍ വിഷയം കേരളത്തിലെ അബ്കാരികളുടെ ജീവമരണ പ്രശ്‌നമായിരുന്നു. പ്രതികാരചിന്ത, ഗൂഡാലോചന എന്തിനും മടിക്കാത്ത ബാര്‍ലോബിക്കു മുന്നില്‍ പലപ്പോഴും രാഷ്ട്രീയ നേതൃത്വം പതറി.
അസോസിയേഷന്‍ നേതൃത്വത്തില്‍ 15 കോടിയിലധികം രൂപാ പിരിച്ചെടുത്തെന്ന് എല്ലാവരും സമ്മതിക്കുന്നു. പക്ഷേ പണം ആര്‍ക്കു കൊടുത്തെന്നുള്ളത് ഊഹാപോഹങ്ങളായി ഇപ്പോഴും പ്രചരിക്കുന്നു.
ഈ പണപ്പിരിവു നടന്ന സമയം കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ കാലമായിരുന്നു. കാലാകാലങ്ങളായി ഇടതു വലതു ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും ഇലക്ഷന്‍ ഫണ്ടും പാര്‍ട്ടി ഫണ്ടും പിരിവു നടത്തുന്നത് മുഖ്യമായും തെരഞ്ഞെടുപ്പു വേളയിലാണ്. ശശിതരൂര്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പി. സ്ഥാനാര്‍ത്തികള്‍ക്കും ബാര്‍ അസോസിയേഷന്‍ പണം നല്കിയെന്നത് പരസ്യമായ രഹസ്യമാണ്.
ഇത്തരം തെരഞ്ഞെടുപ്പു ഫണ്ടുകളെ കോഴയായി ചിത്രീകരിച്ച് രാഷ്ട്രീയ നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്യുന്ന ബാര്‍മാഫിയ സംസ്‌കാരം. കേരളത്തെ കൂടുതല്‍ ജീര്‍ണ്ണമാക്കും. പിരിവെടുത്ത പണത്തില്‍ നിന്ന് നല്ലൊരു ഭാഗം അഭിഭാഷകര്‍ക്കും ഇവര്‍ നല്കുകയുണ്ടായി.
ചില പത്രപ്രവര്‍ത്തകര്‍ക്ക് വന്‍തുക നല്കി തങ്ങള്‍ക്കനുകൂലമായ ന്യൂസുകളെഴുതിക്കുന്നു എന്ന് അസോസിയേഷനില്‍ ചിലര്‍ അടക്കം പറയുന്നു.
തിരക്കഥയും - നാടകവും
ബാര്‍ വിവാദം കൃത്യമായ ഗൂഡാലോചനയില്‍ പിറന്ന ബ്ലാക് മെയില്‍ തന്ത്രമാണ്. ഇതില്‍ കളിച്ചവരൊക്കെ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി വസ്തുതകളെ വളച്ചൊടിച്ചു. കേരള രാഷ്ട്രീയത്തില്‍ കേരളാക്രോണ്‍ഗ്രസിന് ഏറ്റവും പ്രാധാന്യം കൈവന്ന നാളുകായിരുന്നു ഈ കാലഘട്ടം. ഉമ്മന്‍ചാണ്ടിക്കുമപ്പുറം മാണിയുടെ പ്രതിച്ഛായ വളര്‍ന്നു. ഇടതു വലതു മുന്നണികള്‍ മുഖ്യമന്ത്രിക്കസേരയില്‍ മാണിയെ സ്വീകാര്യനായി കണ്ടു. ഒരു വേള ഇടതു പക്ഷപിന്തുണ കെ.എം.മാണി. മുഖ്യമന്ത്രിയായും എന്ന സ്ഥിതിയിലെത്തി. ഇവിടെയാണ് നാടകമാരംഭിക്കുന്നത്. മനോരമ ചാനലിന്റെ ബ്രേക്കിംഗ് ന്യൂസില്‍ ബാര്‍ കോഴ പിറവിയെടുക്കുന്നു. സജീവ ചര്‍ച്ചകളും, ഇടപെടലും കൊണ്ട് മനോരമ ചാനലും, പത്രവും ഇതേറ്റു പിടിക്കുന്നു. പിന്നാലെ ഏഷ്യാനെറ്റും. കൃത്യമായ തെളിവുകളില്ലാതെ ബിജു രമേഷുയര്‍ത്തിയ ആരോപണം പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പേരില്‍ അന്വേഷിക്കുമെന്ന് രമേഷ് ചെന്നത്തല. ചെന്നിത്തലയും മുഖ്യമന്ത്രിയും മാറിമാറി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍. എന്തന്വേഷണം നടത്താമെന്ന് എഴുതിത്തരണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. ഇടതുപക്ഷത്തെ പ്രകോപിപ്പിക്കുന്ന മനോരമവാര്‍ത്ത ആറുകോളത്തില്‍. ചുരുക്കത്തില്‍ കോണ്‍ഗ്രസും, മനോരമയും കെ.എം.മാണിയെയും കേരളകോണ്‍ഗ്രസിനെയും തളര്‍ത്താന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് ബാര്‍ മുതലാളിമാരില്‍ നിന്ന് സംഭാവന പിരിക്കാത്ത എത്ര നേതാക്കളുണ്ട് കേരളത്തില്‍ ? എന്നിട്ടും കെ.എം.മാണിയെ തളര്‍ത്തുന്ന ഈ ഗൂഡാലോചനയെ പൊളിച്ചുകാട്ടുന്നതിനു പകരം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ബാര്‍ ലോബിയുടെ തന്ത്രത്തിനു മുന്നില്‍ കേരളരാഷ്ട്രീയം പതറുന്നുവോ. പത്രപ്രവര്‍ത്തകര്‍ കളിപ്പാവകളാകുന്നുവോ ; വസ്തുതകള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ മെനയുന്നുവോ : ലജ്ജിക്കുക കേരളമേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha