വിടി ബല്‍റാമിന് കെഎസ്‌യുവിന്റെ ചുട്ട മറുപടി... നേതാവേ പുച്ഛം തോന്നുന്നു; അഭിനവ ഗാന്ധി ചമയാതെ തൃത്താലയിലെ വോട്ടര്‍മാര്‍ക്ക് ചുംബനം നല്‍കുക
ചുംബനസമരത്തെ എതിര്‍ത്ത കെഎസ്‌യുവിന് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതിയ തൃത്താല എംഎല്‍എ വി.ടി.ബലറാമിന് മറുപടിയുമായി കെ.എസ്.യു. എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റു ആന്റണി. ഫേസ്ബുക്കിലൂടെയാണ് ടിറ്റു ആന്റണിയുടെ മറുപടി.
സ്വാതന്ത്ര്യ സമരകാലത്തെ മഹാന്മാരുടെ പോരാട്ടങ്ങളെ ചുംബന സമരത്തോട് ഉപമിച്ച ബല്‍റാമിനോട് പുച്ഛം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ടിറ്റു ആന്റണിയുടെ പോസ്റ്റ്.
അഭിനവ ഗാന്ധി ചമഞ്ഞ് സോഷ്യല്‍ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്താതെ ഈ വിഷയത്തോടുള്ള അങ്ങയുടെ പ്രതിബദ്ധത തൃത്താലയിലെ വോട്ടര്‍മാര്‍ക്ക് ചുംബനം നല്‍കി തെളിയിക്കണമെന്നും ടിറ്റു ആന്റണി വെല്ലുവിളിക്കുന്നു
ടിറ്റുവിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
മിസ്റ്റര്‍ വി.ടി.ബല്‍റാം,
എറണാകുളത്തെ കെ.എസ്.യു.ക്കാര്‍ക്ക് താങ്കള്‍ എഴുതിയ തുറന്ന കത്ത് കണ്ടു. ഇന്നലത്തെ ഒരു പ്രധാന പത്രത്തിലെ വാര്‍ത്തയാണ് അങ്ങയുടെ തുറന്ന കത്തിനുള്ള കാരണമെന്നു മനസിലാക്കുന്നു. എറണാകുളത്തെ കെ.എസ് .യു യൂത്ത് കോണ്‍ഗ്രസ് സുഹൃത്ത്ക്കളോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചറിയാതെ മാധ്യമങ്ങളിലൂടെ മാത്രം ഞങ്ങളെ വിലയിരുത്തി തുറന്ന കത്തെഴുതിയ നടപടി ശരിയായതാണോ?
സദാചാര പോലീസിനെതിരെയും ചുംബന സമരത്തിനെതിരെയും കെ.എസ് .യു നടത്തിയ സാംസ്‌കാരിക കൂട്ടായ്മയും ശിവസേനയും എസ് .ഡി.പി.ഐ ക്കാരുമുള്‍പ്പെടെ വര്‍ഗ്ഗീയ മത സംഘടനകളും നടത്തിയ പ്രതിഷേധപ്രകടനവും സമരക്കാര്‍ക്കെതിരെ നടത്തിയ കയ്യേറ്റവും രണ്ട് തലത്തിലുള്ള പ്രതികരണമാണ്. ജനാധിപത്യബോധമുള്ള ഒരു വിദ്യാര്‍ത്ഥിപ്രസ്ഥാനമെന്ന നിലവിട്ട് കെ.എസ് .യുവിന്റെ പ്രതികരണം ഉണ്ടായതായി ഞാന്‍ കരുതുന്നില്ല.
സദാചാര പോലീസ് ചമഞ്ഞ് ആണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍ ചോദ്യം ചെയ്യുന്ന ഫാസിസ്റ്റ് ചിന്താഗതിക്കാരെ എതിര്‍ക്കുക തന്നെ വേണം. മാത്രമല്ല ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഈ പത്രത്തില്‍ പറയും പോലെ ജാതിമതവര്‍ഗഗീയ സംഘടനകളുടെ കൂടെ കെ.എസ് .യുവും പ്രതിഷേധിച്ചു എന്ന വാര്‍ത്ത കണ്ടാല്‍ തീര്‍ച്ചയായും അങ്ങയേപ്പോലുള്ള ഒരു മുന്‍കാല കെ.എസ് .യു. നേതാവിന് ദുഖവും നിരാശയും തോന്നും.
പക്ഷേ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ നാഥനില്ലാത്ത, എവിടുന്നെന്നറിയാതെ രൂപം കൊണ്ട ഒരു സമരമുറയോട് മേല്‍പ്പറഞ്ഞ ഗണത്തിലുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്നു എന്നതുകൊണ്ട് കെ. എസ് .യു വിന് പ്രതിഷേധിച്ചുകൂടാ എന്നുണ്ടോ? ചുംബന സമരം ആവിഷ്‌കരിക്കും മുമ്പേ സദാചാര പൊലീസിനെതിരെ കാമ്പസുകളില്‍ ശക്തമായ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊട്ടിഘോഷിക്കാത്തതുകൊണ്ട് പുറംലോകവും താങ്കളും അറിഞ്ഞില്ല.
സമരം ചെയ്യാനുള്ള അവകാശത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ കൂടുതല്‍ പിടിച്ചുപറ്റാന്‍ കഴിയുന്ന പ്രതീകാത്മകമായ വേറെ പല വഴികളും സ്വീകരിക്കമായിരുന്നു. സമരം ചെയ്യുന്നവരില്‍ ആഭാസന്മാരും ഞരമ്പുരോഗികളായുമൊക്കെ ഉണ്ടെന്നത് പാലക്കാട്ട് ഇരിക്കുന്ന അങ്ങയേക്കാള്‍ ഏറണാകുളത്തിരുന്ന് സമരക്കാരെ നിരീക്ഷിക്കുന്ന ഞങ്ങള്‍ക്ക് നേരിട്ട് മനസിലായ കാര്യമാണെങ്കില്‍ പോലും ഒരു ഘട്ടത്തിലും അവരെ ഇത്തരത്തില്‍ ആക്ഷേപിക്കുകയോ പൊതുസമൂഹത്തില്‍ അപമാനിക്കുകയോ ഞങ്ങള്‍ ചെയ്തിട്ടില്ല.
ഈ സമരത്തിന്റെ സംഘാടകരെന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്നവരുടെ മാവോയിസ്റ്റ് സെക്‌സ് റാക്കറ്റ് ബന്ധം ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് താങ്കളുടെ ശ്രദ്ധയില്‍ പെട്ട് കാണുമല്ലോ? പൗരബോധത്തിലധിഷ്ടിതമായി ഉന്നത മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചു കൊണ്ട് ഞങ്ങള്‍ നടത്തിയ സാംസ്‌കാരിക സംഗമത്തില്‍ പ്രശസ്ത നിരൂപക പ്രൊ.എം. ലീലാവതി പങ്കെടുത്ത് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമെന്ന് കരുതുന്നു.
അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, മഹാത്മജിയും ശ്രീനാരായണഗുരുവും നടത്തിയ മഹത്തായ മുന്നേറ്റങ്ങളെ സോഷ്യല്‍ മീഡിയകളില്‍ കുത്തികുറിച്ച് \'മഹാന്മാരായ\' ന്യു ജനറേഷന്‍ പോരാളികള്‍ നേരമ്പോക്കിന് വേണ്ടി തട്ടിക്കൂട്ടിയ ഈ കോപ്രയത്തോടുപമിച്ച അങ്ങയുടെ പുരോഗമന ചിന്തയോട് എനിക്ക് പുച്ഛം തോന്നുന്നു. അങ്ങ് പര്‍വതീകരിച്ച ചുംബനസമര വിപ്ലവത്തെ ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തോടും കേരളത്തിന്റെ സാമൂഹിക നവോത്ഥാനസമരങ്ങളോടും ഉപമിക്കാന്‍ അങ്ങയെ പ്രേരിപ്പിച്ച വികാരം എന്തെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല.
താങ്കളുടെ ഓര്‍മ്മയിലേക്ക് ഒരു കാര്യം കൂടി പറയട്ടെ, ഞാന്‍ നേതൃത്വം കൊടുക്കുന്ന കെ.എസ്.യു പ്രസ്ഥാനം നാടിനെ തകര്‍ക്കാനൊരുങ്ങുന്ന സാമുദായിക വര്‍ഗ്ഗീയവിഘടന ശക്തികള്‍ക്കൊപ്പമല്ല... എന്റെ നാട്ടിലെ പൊതുവിദ്യാര്‍ത്ഥി സമൂഹത്തിന്റെ നിലപാടുകള്‍ക്കൊപ്പമാണ്. അഭിനവ ഗാന്ധി ചമഞ്ഞ് സോഷ്യല്‍ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്താതെ ഈ വിഷയത്തോടുള്ള അങ്ങയുടെ പ്രതിബദ്ധത തൃത്താലയിലെ വോട്ടര്‍മാര്‍ക്ക് ചുംബനം നല്‍കി തെളിയിക്കുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
എന്ന്
ടിറ്റു ആന്റണി
(കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്.)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha