ഒന്‍പതാംക്ലാസുകാരിയുടെ വിവാഹം; രണ്ടാനച്ഛനും നാല്‍പ്പതുവയസുകാരന്‍ വരനും അറസ്റ്റില്‍
തളിക്കുളം ത്രിവേണിയില്‍ ഒന്‍പതാംക്ലാസുകാരി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ രണ്ടാനച്ഛനേയും നാല്‍പ്പതുകാരന്‍ വരനേയും വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് നടപടി. രണ്ടാനച്ഛന്‍ പാലക്കാട് വടക്കുഞ്ചേരി മുടപ്പല്ലൂര്‍ മണലിപ്പാടം വിളത്ത് പടിക്കല്‍ രാജന്‍ (57), വരന്‍ മലപ്പുറം മനക്കപ്പടി രാജന്‍ എന്ന ലെനിന്‍ ബാബു ( 40) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവാഹം. തളിക്കുളം കളാംപറമ്പിലെ ഒരു കുടുംബക്ഷേത്രത്തില്‍വച്ച് അമ്മയുടെയും രണ്ടാനച്ഛന്റെയും സാന്നിദ്ധ്യത്തിനാണ് ലെനിന്‍ ബാബു പെണ്‍കുട്ടിയെ തുളസിമാലയിട്ട് വിവാഹം ചെയ്തത്. റോള്‍ഡ് ഗോള്‍ഡ് ലോക്കറ്റ് ചരടില്‍ കെട്ടി താലികെട്ടും നടത്തി.
തളിക്കുളം ത്രിവേണിക്ക് സമീപത്തെ കോളനിയില്‍ അടുത്തിടെ താമസമാക്കിയവരാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ അമ്മയെ നേരത്തേ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മക്കളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് 57 കാരനായ രാജനുമായി അടുപ്പത്തിലാകുന്നത്.
പാമ്പൂര്‍ സ്വദേശിയായ വരന്‍ ഈയടുത്താണ് അയല്‍പക്കത്ത് വാടകയ്ക്ക് താമസമാരംഭിച്ചത്. അമ്മയും രണ്ടാനച്ഛനും നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു.
വരന്‍ ലെനിന്‍ ബാബു മലപ്പുറത്ത് നിന്ന് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ കുട്ടിയുടെ അമ്മ ഓമനക്കെതിരെയും പോലീസ് കേസെടുത്തു. വിവാഹം നടത്തിയ പൂജാരിയേയും സംഭവത്തില്‍ പ്രതിയാവും. പീഡനം പുറത്തറിയാതിരിക്കാനായിരുന്നു വിവാഹമെന്നാണ് സൂചന.
പ്രതികള്‍ ഇരുവരും പൂരങ്ങള്‍ക്കു വിളക്കു പിടിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. വിവാഹശേഷം കുറച്ചുനാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങിയ ലെനിന്‍ ബാബു കുറ്റൂര്‍ പൂരത്തിനു പോയി. അവിടെനിന്ന് ഇടശേരിയിലെ താമസസ്ഥലത്തെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha