ബാര്‍ കോഴ ആരോപണം: ബിജു രമേശ് മൊഴി നല്‍കി
ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സിന് ബിജു രമേശ് മൊഴി കൊടുത്തു. വിജിലന്‍സ് ഡിവൈഎസ്പി മുമ്പാകെ മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ഇന്നുതന്നെ കൈമാറും. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആരുമായും യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ല.
മാണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. ബാറുകള്‍ പൂട്ടും മുമ്പാണ് ഒരുകോടി നല്‍കിയത്. ബാറുകള്‍ അടക്കും എന്ന് അന്ന് അറിയില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. രാവിലെ പത്തരയോടെ പൊട്ടക്കുഴിയിലെ വിജിലന്‍സ് ഓഫീസിലെത്തിയ ബിജു ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുറത്തുവന്നത്. ഒരു കോടി കൊടുത്തുവെന്ന ആക്ഷേപം മൊഴിയായി നല്‍കിയോ എന്ന ചോദ്യത്തിന് ബാര്‍ പൂട്ടുന്നതിന് മുമ്പത്തെ കാര്യങ്ങളാണ് അറിയിച്ചതെന്നായിരുന്നു മറുപടി.
അഞ്ച് കോടി ചോദിച്ചു, ഒന്നാണ് കൊടുത്തത്. അടച്ച ബാര്‍ തുറക്കാനല്ലേ കോഴ കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അന്ന് ബാര്‍ അടയ്ക്കുമോ എന്ന് തങ്ങള്‍ക്ക് അറിയില്ലല്ലോ എന്നായിരുന്നു പ്രതികരണം. ഉച്ചയ്ക്ക് ശേഷം വിശദമായ രേഖകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha