ചാരക്കേസില്‍ വെളിപ്പെടുത്തലുകളുമായി മലയാളം വാരിക; പക്ഷേ, ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റെടുത്തില്ല
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സിബിഐയുടെയും പ്രതികളുടെയും വാദത്തിന് മറുവാദവുമായി ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരിക. കേസ് സിബിഐ അട്ടിമറിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ ചാരവൃത്തി നടന്നിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകളാണ് വാരിക പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പ്രസിദ്ധീകരിക്കാത്തത് കൗതുകമായി. പതിവുപോലെ മലയാളം വാരികയുടെ പുതിയ ലക്കത്തേക്കുറിച്ച് പത്രത്തില്‍ പരസ്യം മാത്രമാണുള്ളത്.
വാരികയുടെ വെള്ളിയാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച വിശദമായ ഒന്നിലധികം റിപ്പോര്‍ട്ടുകളുണ്ട്. ചാരക്കേസ് വെറും നുണക്കഥയല്ല എന്ന തലക്കെട്ടില്‍ വന്‍ പ്രാധാന്യത്തോടെ കവര്‍ സ്‌റ്റോറിയായാണ അവതരിപ്പിക്കുന്നത്. ചാരക്കേസിന് ഇരുപത് വര്‍ഷം തികഞ്ഞത് കഴിഞ്ഞ മാസമാണ്.
കേസ് സിബിഐക്ക് വിടും മുമ്പ് അന്വേഷിച്ച കേരള പൊലീസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നയിച്ചിരുന്ന അന്നത്തെ ഡിഐജിയും ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ് ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് കഴിഞ്ഞ മാസം 20നു ഹൈക്കോടതി വിധിച്ചിരുന്നു. കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരേ നടപടി വേണ്ട എന്ന സര്‍ക്കാരിന്റെ മുന്‍ തീരുമാനം റദ്ദാക്കി നടപടിയെടുക്കാന്‍ കോടതി മൂന്നു മാസത്തെ സമയമാണ് കൊടുത്തിരിക്കുന്നത്.
എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ കേസ് കെട്ടിച്ചമച്ചതല്ല എന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ മകന്‍ പ്രഭാകര റാവുവിനു വേണ്ടി സിബിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും മലയാളം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സിബിഐ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്, ഐബി ജോയിന്റ് ഡയറക്ടറായിരുന്ന പ്രമുഖന്‍ എഴുതിയ പുസ്തകം, ഐബിയില്‍ നിന്നു രാജിവച്ച് സിബിഐക്കെതിരേ കോടതിയില്‍ പോയ ഉദ്യോഗസ്ഥന്റെ മൊഴി തുടങ്ങിയ നിരവധി രേഖകള്‍ നിരത്തിയാണ് റിപ്പോര്‍ട്ട്. നമ്പി നാരായണനും ഡി ശശികുമാരനും മറിയം റഷീദയുമുള്‍പ്പെടെ കേസിലെ ആറ് പ്രതികലും നിരപരാധികളല്ല എന്ന് തുറന്നെഴുതുന്ന റിപ്പോര്‍ട്ട് മറ്റൊരു വിവാദമാകാന്‍ ഇടയുണ്ട്.
ചാരക്കേസില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്റെ അഭമുഖവും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ചാരക്കേസ് കാലത്ത് ഇന്ത്യാ ടുഡേ തലസ്ഥാന ലേഖകനായിരുന്നു രാധാകൃഷ്ണന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha