മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ കുറ്റപത്രം ഉടന്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ ആക്രമിച്ച് സംഭവത്തില്‍ വിചാരണയ്ക്ക് മുന്നോടിയായി കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ കണ്ണൂര്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങി. രണ്ട് എം.എല്‍.എ മാരടക്കം ആദ്യ പതിനഞ്ച് പ്രതികളെയാണ് ആദ്യഘട്ടം കോടതി സമന്‍സ് അയച്ച് വിളിപ്പിച്ചത്. കേസ് അടുത്തമാസം ആറിലേക്ക് മാറ്റി. സോളാര്‍ ആരോപണത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമായിരിക്കുന്നതിനിടയിലാണ് കണ്ണൂരില്‍ പോലീസ് മീറ്റ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതും ആക്രമിച്ചതും.
സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കല്ലേറ് കൊണ്ട് മുഖ്യമന്ത്രിക്ക് പരുക്കേറ്റിരുന്നു. സംഭവം അന്വേഷിച്ച അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലാണ് 114 പ്രതികള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എം.എല്‍.എ മാരായ കെ.കെ നാരായണന്‍, സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ ബിജു കണ്ടക്കൈ, ബിനോയ് കുര്യന്‍ എന്നിവരടക്കമുള്ളവരായിരുന്നു കേസിലെ പ്രതികള്‍.
ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് വിചാരണ നടത്തേണ്ടത്. ഇതിന് മുന്നോടിയായാണ് പ്രതികള്‍ക്ക് കുറ്റപത്രം കൈപ്പറ്റാന്‍ കണ്ണൂര്‍ ഫസ്റ്റ് കഌസ് കോടതി സമന്‍സ് അയച്ചത്. എല്ലാവരും ഒരുമിച്ച് ഹാജരാകുന്നത് ഒഴിവാക്കാനാണ് ആദ്യ പതിനഞ്ച് പേരെ വിളിപ്പിച്ചത്. എന്നാല്‍ 14 പ്രതികള്‍ ഇന്ന് കോടതിയിലെത്താത്തതിനാല്‍ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയില്ല. കേസ് കോടതി അടുത്തമാസം ആറിലേക്ക് മാറ്റി. മന്ത്രി കെ.സി ജസഫ്, ടി സിദ്ദിഖ് എന്നിവരടക്കമുള്ളവരാണ് കേസിലെ സാക്ഷികള്‍. 2013 ഒക്ടോബര്‍ 27നാണ് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha