എല്ലാം കെട്ടുകഥയോ? പണം നല്‍കിയതായി പറഞ്ഞറിഞ്ഞ വിവരങ്ങള്‍ മാത്രമേ തനിക്കുള്ളൂവെന്ന് ബിജു രമേശ്; മാണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് മനോഹരന്‍
ഒരാഴ്ച കൊണ്ട് കേരളത്തെ ഇളക്കി മറിച്ച ബാര്‍ കോഴ കെട്ടുകഥമാത്രമായി അവശേഷിക്കുന്നു. അത്തരത്തിലുള്ള മൊഴിയാണ് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശും ബാര്‍ ഉടമ മനോഹരനും വിജിലന്‍സിന് നല്‍കിയത്. മന്ത്രിക്ക് പണം നല്‍കിയതായി പറഞ്ഞറിഞ്ഞ വിവരങ്ങള്‍ മാത്രമേ തനിക്കുള്ളൂവെന്ന് ബിജു രമേശ് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ സംഘടനയുടെ ഭാരവാഹികളോട് ചോദിക്കണമെന്നുമാണ് വിജിലന്‍സിനോട് ബിജു പറഞ്ഞിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളടക്കം ശാസ്ത്രിയ തെളിവുകളൊന്നും വിജിലന്‍സിന് നല്‍കിയിട്ടുമില്ല.
ആരോപണത്തില്‍ നിന്നും ബിജു രമേശ് ഉള്‍പ്പെടെയുള്ള ബാറുടമകള്‍ പിന്‍മാറുകയാണ്. ബാറുടമകള്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും നടത്തുകയില്ല.
ഒരു കോടി രൂപ നല്‍കിയത് ബാറുകള്‍ അടയ്ക്കുന്നതിന് മുമ്പായിരുന്നുവെന്നും പണം കൊടുക്കുമ്പോള്‍ ബാര്‍ പൂട്ടുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വിജിലന്‍സിനെ കണ്ട് ബിജു രമേശ് ധരിപ്പിച്ചത്. കേസില്‍ ബാര്‍ ഹോട്ടല്‍ സംഘടനാ ഭാരവാഹികളുടെ മൊഴിയെടുക്കാനാണ് വിജിലന്‍സ് തീരുമാനം.
നേരത്തെ ആരോപണം ഉന്നയിച്ച അരൂരിലെ ബാറുടമ മനോഹരനും നിലപാട് മാറ്റി. ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയ ശേഷമാണ് മനോഹരന്‍ നിലപാട് മാറ്റിയത്. നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും കെ.എം.മാണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും എല്ലാ കാര്യങ്ങളും വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുഹൃത്ത് പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിനൊപ്പം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സുഹൃത്തിന് തന്നെ ഇതേ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു. മാണിയുടെ വീട്ടില്‍ പോയിട്ടില്ലെന്നും മനോഹരന്‍ വ്യക്തമാക്കി.
മാണിക്ക് ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയെന്നാണ് ബിജു ഇന്നലെ ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരാളെ വളച്ച് നമ്മുടെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് ശ്രമമെന്നും യോഗം വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഈ കെട്ടുകഥ എന്തിന് വേണ്ടി എന്ന് തോന്നിപ്പോകുന്നു. ഉത്തരം ലളിതം പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ഒരെളുപ്പവഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha