ഞാന് അപകടത്തിലാണ്, രക്ഷിക്കണം... പ്രശാന്തിന്റെ മൃതദേഹം പുഴയില്
ഞാന് അപകടത്തിലാണ് രക്ഷിക്കാന്‍ വേണ്ടത് ചെയ്യണം, ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പ്രശാന്ത് കെ. പിള്ള ഭാര്യ അതിരയെ വിളിച്ച് പറഞ്ഞ അവസാന വാക്കുകളാണിത്. ട്രെയ്ന്‍ യാത്രയ്ക്കിടെ കാണാതായ കൊട്ടാരക്കര മഞ്ഞക്കാല ഗീതാഭവനത്തില്‍ പ്രശാന്ത് കെ. പിള്ള(33)യുടെ മൃതദേഹം താനെയിലെ പുഴയില്‍ കാണപ്പെട്ടുവെന്നു മുംബൈ പോലീസാണ് ബന്ധുക്കളെ അറിയിച്ചത്. തന്നെയും മകളെയും തിരികെ കൂട്ടികൊണ്ടുപോകാന്‍ വരുമെന്ന് കാത്തിരുന്ന ആതിരയെയും രണ്ടുവയസുകാരി മകളുടേയും ദുഖം ഒരു നാടിനെതന്നെ കണ്ണീരിലാഴ്ത്തി.
ആന്ധ്രയിലെ സാമില്‍കോട്ട റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കഴിഞ്ഞ ഒന്നിനു രാവിലെ 10.15നാണ് പ്രശാന്ത് നാട്ടിലേക്കു ട്രെയിന്‍ കയറിയത്. രണ്ടിന് എറണാകുളത്തു വണ്ടിയിറങ്ങി വീട്ടിലെത്തുമെന്നു ഭാര്യ ആതിരയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. അടുത്തബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണു പ്രശാന്ത് നാട്ടിലേക്കു തിരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പ്രശാന്തിനെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നു.
ആന്ധ്രാപ്രദേശിലെ കാക്കിനഡയില്‍ ഇ.ഐ.ഡി. പ്യാരി ഷുഗര്‍ മില്ലിലെ അസിസ്റ്റന്റ് മാനേജരായിരുന്ന പ്രശാന്ത്. തിരികെപ്പോകുമ്പോള്‍ ഭാര്യയേയും രണ്ടുവയസുള്ള മകളെയും കൂടെക്കൊണ്ടുപോകാനിരുന്നതാണ്. അഞ്ചുദിവസമായിട്ടും പ്രശാന്തിന്റെ വിവരങ്ങളൊന്നും അറിയാത്തതിനാല്‍ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ആറിനു വൈകിട്ട് പ്രശാന്ത് ഭാര്യയുടെ ഫോണില്‍ വിളിച്ച്, ബാങ്ക് അക്കൗണ്ട് നമ്പര്‍ മെസേജ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു.
രാത്രിയോടെ വീണ്ടും പ്രശാന്ത് വിളിച്ച് താന്‍ അപകടത്തിലാണെന്നും രക്ഷപ്പെടുത്താന്‍ വേണ്ടതു ചെയ്യണമെന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കി. ട്രെയിനില്‍ കയറിയപ്പോള്‍ പഴ്‌സ് നഷ്ടപ്പെട്ടെന്നു പ്രശാന്ത് ഭാര്യയോടു പറഞ്ഞിരുന്നു. ബിഹാറിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍നിന്ന് ഇ.ഐ.ഡി പ്യാരിലേക്കു മാറിയത് ആറുമാസം മുമ്പാണ്. ആന്ധ്രയിലേക്കു സ്ഥലം മാറിയപ്പോള്‍, ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മകളെയും നാട്ടിലെത്തിച്ചശേഷമാണു പുതിയ ജോലി സ്ഥലത്തേക്കു പോയത്. അവിടെ വാടക വീടെടുത്ത് ഭാര്യയെയും മകളെയും കൊണ്ടുപോകാനും കൂടിയാണ് പ്രശാന്ത് നാട്ടിലേക്ക് തിരിച്ചത്.
പ്രശാന്തിനെ കാണാതായതിനേത്തുടര്‍ന്നു ബന്ധുക്കള്‍ ആന്ധ്രയിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മുംബൈ പോലീസാണു മൃതദേഹം മുംബൈയില്‍ മുംപ്ര പോലീസ് സ്‌റ്റേഷനു സമീപം പുഴയില്‍ കണ്ടെത്തിയ വിവരമറിയിച്ചത്. ട്രെയ്ന്‍ യാത്രയ്ക്കിടെ കാണാതായ പ്രശാന്തിന്റെ മൃതദേഹം എങ്ങനെ പുഴയില്‍ കണ്ടു എന്നതിലെ ദുരൂഹത ബാക്കിയാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha