ബാര്‍ വിവാദം ചരിത്രമിങ്ങനെ 2
കപില്‍ സിബില്‍ നിയമനം രണ്ടു തട്ടില്‍, ജസ്റ്റിസ് രാമചന്ദ്രന്റെ നിയമനവും കണ്ടെത്തലും വിവാദമാകുന്നു; ഗോപാല്‍ സുബ്രഹ്മണ്യനെ എന്തിന് ഒഴിവാക്കി ?
ബാര്‍ വിവാദത്തിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍, വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലെ ദുരൂഹതകളും ചര്‍ച്ചയാകും. ബാര്‍ കേസില്‍ മുന്‍ വക്കീലിനെ മാറ്റി പുതിയ വക്കീലിനെ നിയമിക്കാന്‍ സര്‍ക്കാരിനു തോന്നിയത് എന്തുകൊണ്ട് എന്ന ചോദ്യം ഉദ്യോഗസ്ഥരുടെ ഇടയില്‍ ഉയര്‍ന്നു വന്നതാണ്. എന്നാല്‍ അത് മാധ്യമങ്ങളില്‍ ചര്‍ച്ചയായില്ല. സുപ്രീം കോടതിയില്‍ ബാറുടമകളുടെ വക്കാലത്തെടുത്ത മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബിലിനെ എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ നിയോഗിച്ചു എന്ന ചോദ്യം പ്രസക്തമാണ്.
2012ല്‍ ഇതേ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിനെ ഉപദേശിച്ച, സത്യസന്ധനും പത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി നിയമിച്ച അമിക്കസ്‌ക്കൂറിയുമായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തെ എന്തുകൊണ്ട് കേരള ഹൈക്കോടതിയില്‍ ബാര്‍ക്കേസ് വാദിക്കാന്‍ നിയോഗിച്ചില്ല. ഗോപാല്‍ സുബ്രഹ്മണ്യനും അഡ്വക്കേറ്റ് ജനറലും ഹൈലവല്‍ കമ്മറ്റി വേണമെന്നു നിര്‍ദ്ദേശിച്ചിടത്താണ് മന്ത്രി കെ.ബാബു ജസ്റ്റിസ്.എം. രാമചന്ദ്രനെ ഏകാംഗ കമ്മീഷനാക്കിയത്. ബസ് ചാര്‍ജ് വര്‍ധനവ് വിഷയത്തില്‍ ഏറെ ആരോപണ വിധേയനായ റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന്റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ബാര്‍ ഹോട്ടല്‍ ഉടമകളെ കൈവിട്ടു സഹായിക്കാനായിരിക്കും എന്ന് ആദ്യംത്തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
ജസ്റ്റിസ് രാമചന്ദ്രന്റെ യഥാര്‍ത്ഥ സ്വാധീനം വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് 2014 ഓഗസ്റ്റ് 21 ല്‍ ദ്വീപിക ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മദ്യലോബിക്കുവേണ്ടി തയ്യാറാക്കിയതാണോ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് എന്ന് നിഷ്പക്ഷമതികള്‍ക്കു തോന്നും. റിപ്പോര്‍ട്ടിലെ 44 നിര്‍ദ്ദേശങ്ങളില്‍ 40 ഉം ജനവിരുദ്ധവും ബാറുടമകളെ സഹായിക്കാനുള്ളതുമായിരുന്നു. 2014 മാര്‍ച്ച് ആറിനാണ് രാമചന്ദ്രന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയത്. 31 വര്‍ഷമായി അപ്‌ഗ്രേഡ് ചെയ്യാതിരുന്ന 418 ബാറുകള്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഇനിയും സമയം അനുവദിക്കണമെന്ന രാമചന്ദ്രന്റെ ശുപാര്‍ശ ഒരു ന്യായാധിപനും ചേര്‍ന്നതായിരുന്നില്ല.
31 വര്‍ഷമായിട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്ത ബാര്‍ ഉടമകള്‍ക്ക് വീണ്ടും ആറു മാസത്തെ കാലാവധി നല്‍കണമെന്ന രാമചന്ദ്രന്‍ കമ്മീഷന്റെ നിര്‍ദേശം, എക്‌സൈസ് മന്ത്രി കെ.ബാബുവും ബാര്‍ ഉടമകളും ജസ്റ്റിസും തമ്മിലുളള അവിശുന്ധ ബന്ധം വ്യക്തമാക്കുന്നു. അതുതന്നെയാണ് തിടുക്കത്തില്‍ രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി നിയമിച്ചതിനു പിന്നിലെ അഴിമതിയും. കേരളത്തിലെ ബാര്‍ ഹോട്ടലുകളില്‍ വ്യാജമദ്യം സുലഭമായി ഒഴുകുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല. സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നുമാത്രമേ ബാര്‍ ഉടമകള്‍ക്ക് വില്‍പ്പനയ്ക്കുളള മദ്യം ലഭിക്കു. ബാറുകള്‍പൂട്ടിയ 2014 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള 4 മാസത്തെ കാലയളവില്‍ ബെവ്‌കോയില്‍ മദ്യ വില്‍പനയില്‍ വര്‍ധനവുണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍.
ഈ കണക്കുകള്‍ പറയുന്നത് ബാറുകളിലെ വ്യാജമദ്യ വില്‍പനയുടെ തെളിവാണ്. കേരളത്തിലെ കുടിയന്‍മാരുടെ എണ്ണം കൂടാത്ത സാഹചര്യത്തില്‍ അടച്ചുപൂട്ടിയ ബാറുകളില്‍ നിന്നും മദ്യം കഴിച്ചിരുന്നവര്‍ കൂടി ബെവ്‌കോയെ ആശ്രയിച്ചാലും മദ്യവില്‍പന വര്‍ധിക്കില്ല. ആ സാഹചര്യത്തില്‍, ബെവ്‌കോ വില്‍പന കൂടിയത് അടച്ചുപൂട്ടിയ ബാറുകളിലെ വ്യാജമദ്യം കഴിച്ചിരുന്നവര്‍ കമ്പനി മദ്യം വാങ്ങിയതു കൊണ്ടല്ലെ.
ഇതിനൊക്കെ പുറമെ നിലവിലെ ബാറുടമകളെ സഹായിക്കാന്‍ പുതിയ ബാറുകള്‍ക്ക് തടയിടാനും ശ്രമം നടന്നു. ഇതിനായി 2011 ലെ അബ്കാരി നയത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മദ്യ നിരോധനത്തിനായിരുന്നില്ല, നിലവിലുളള ബാര്‍ ഉടമകളെ സഹായിക്കാനായിരുന്നു ഈ നിയന്ത്രണം. അതിനായി മന്ത്രി കെ.ബാബു ബാറുടമ സംഘടനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതായിരുന്നെന്നും അന്നേ ആരോപണമുണ്ടായിരുന്നു. ഇതിനെതിരെ ഫയല്‍ ചെയ്ത പല കേസുകള്‍ പഠിച്ച ഹൈക്കോടതി സര്‍ക്കാര്‍ പരിഷ്‌ക്കരണം റദ്ദാക്കി.
ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ നിയമാനുസൃതം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇതോടെ പുതിയ ബാറുകള്‍ക്കെതിരെ പ്രവര്‍ത്തിച്ച ബാറുടമകള്‍ വെട്ടിലായി. നയം മാറ്റാന്‍ പിരിച്ചെടുത്ത പണത്തിന്റെ പേരില്‍ 2012 ല്‍ തന്നെ സംഘടനക്കുളളില്‍ തര്‍ക്കങ്ങളായി. പുതിയ ബാറുകള്‍ വരുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നതിനാല്‍ നയം മാറ്റാനായി പിരിച്ചെടുത്ത പണം തിരികെ നല്‍കണമെന്നായി ബാറുടമകള്‍. ഈ അഭിപ്രായ വ്യത്യാസമാണ് ബാര്‍ വിവാദമായി ഇപ്പോള്‍ തലപൊക്കിയിരിക്കുന്നത്.
ബാറുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മന്ത്രി കെ.ബാബു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാമെന്നേറ്റു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha