പി.സി.സനല്‍കുമാര്‍ ഐഎഎസ് അന്തരിച്ചു
ഓണ്‍ലൈന്‍ ലോകത്ത് സജീവ സാന്നിധ്യമായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പിസി സനല്‍കുമാര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. പത്തനംതിട്ട, കാസറഗോഡ് ജില്ലാ കളക്ടറായിരുന്ന അദ്ദേഹം ഹാസ്യ സാഹിത്യകാരന്‍ എന്ന നിലയിലും പേരെടുത്തിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍.
ആരിലും ചിരി പടര്‍ത്തുന്ന നര്‍മ്മ സംഭാഷണങ്ങള്‍ക്ക് ഉടമയായിരുന്നു ഈ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍.രാവിലെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട സനല്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10.30 ഓടെയായിരുന്നു അന്ത്യം.
ജില്ലാ കളക്ടറെന്ന തിരക്ക് പിടിച്ച ജീവിതത്തിനിടയിലും നര്‍മ്മം കൈവിടാന്‍ പിസി സനല്‍കുമാര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ തയ്യാറായിരുന്നില്ല. നര്‍മ്മ കൈരളിയുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യവും മികച്ച സംഘാടകനുമായിരുന്നു സനല്‍കുമാര്‍. വേനല്‍പൂക്കള്‍, കളക്ടര്‍ കഥയെഴുതുകയാണ്, ഒരു ക്ലൂ തരുമോ, നിങ്ങള്‍ ക്യൂവിലാണ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍. ഇതില്‍ കളക്ടര്‍ കഥയെഴുതുകയാണെന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1989 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും സനല്‍കുമാര്‍ സ്വന്തമാക്കി.
പ്രസിദ്ധമായ നിരവധി പാരഡിഗാനങ്ങളും ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ രചിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചതിനുശേഷമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഫേസ്ബുക്കില്‍ നിരവധി പേര്‍ അടങ്ങുന്ന സൗഹൃദ വലയത്തിന് ഉടമയായിരുന്നു. സൗമ്യമായ നര്‍മ്മം തുളുമ്പുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ അദ്ദേഹത്തെ ഓണ്‍ലൈനിലെ പ്രിയതാരമാക്കി. അദ്ദേഹത്തിന്റെ പെട്ടന്നുള്ള വേര്‍പാട് ഓണ്‍ലൈന്‍ ലോകത്തും വേദനയായി.
കഴിഞ്ഞ ദിവസം വരെ സജീവമായി നര്‍മ്മകൈരളിയുടെയും മറ്റ് പരിപാടികളിലും മറ്റും പങ്കെടുത്ത സനല്‍കുമാറിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും പഴയകാല സഹപ്രവര്‍ത്തകരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha