ബാര്‍ ഉടമകള്‍ തമ്മില്‍ ഭിന്നത രൂക്ഷം ; ബിജുരമേശനെതിരെ ബാറുടമകള്‍ രംഗത്ത്
ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വരുന്നു. അരോപണ പ്രത്യാരോപണങ്ങളുമായി മുതലാളിമാര്‍ക്കിടയില്‍ മൂന്ന് വിഭാഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെ പിണക്കിയ ബിജുരമേശനെതിരെ ചില ബാറുടമകള്‍ പരസ്യമായി രംഗത്ത് വന്നു.
ബാര്‍ തുറക്കുന്നതിന് മന്ത്രി മാണിക്ക് ഒരുകോടി കൈക്കൂലി നല്‍കിയെന്ന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്. അപ്പോള്‍ തന്നെ സംഘടനക്കുള്ളില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടിരുന്നു. പരസ്യമായി കോഴ ആരോപണം ഉന്നയിച്ചതിന് എതിരായിരുന്നു സംഘടനാ പ്രസിഡന്റ് അടക്കമുള്ള ഒരുവിഭാഗം. സര്‍ക്കാറിന്റെ പ്രതികാര മനോഭാവത്തിന് ബാറുകള്‍ ഇരയാകുമെന്നായിരുന്നു ഇവരുടെ ആശങ്ക.
ബാറുടമകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് നവംബര്‍ ആറിന് എറണാകുളത്ത് പ്രത്യേക സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. സമുദായ സംഘടനാ നേതാവ് കൂടിയായ ബിജുരമേശിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. ഒരു കാരണവശാലും വിട്ടുവീഴ്ച വേണ്ടെന്നും എന്തുവന്നാലും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും സര്‍ക്കാര്‍ മുട്ടുവളക്കുമെന്നുമൊക്കെയായിരുന്നു ബാറുടമകളുടെ യോഗത്തില്‍ ഇദ്ദേഹം പറഞ്ഞത്.എന്നാല്‍ യോഗം കഴിഞ്ഞ് പുറത്ത് വന്നതോടെ പലര്‍ക്കും വെളിപാടുണ്ടായി.
കോഴ ആരോപണത്തില്‍ ഉറച്ചുനിന്നാല്‍, ബിസിനസുകളിലെല്ലാം പിടിവീഴുമെന്ന ഭയവും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബാറുടമകള്‍ക്ക് ലഭിച്ചു. ഇതോടെയാണ് ബാറുടമകള്‍ക്കിടയില്‍ ഭിന്നിപ്പ് ശക്തമായത്. ബാറുടമകളില്‍ നല്ലൊരു വിഭാഗത്തിനും മറ്റ് ബിസിനസുകളിലും പങ്കുണ്ട്. കോഴ ആരോപണം പുറത്തുവരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആരോപണം മയപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തത്തെിയതും വര്‍ക്കിംങ് പ്രസിഡന്റിന് തിരിച്ചടിയായി.
വര്‍ക്കിങ് പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചവരും നേരെ എതിര്‍പക്ഷത്തേക്ക് നീങ്ങുകയാണ്. മാത്രമല്ല, സൗകര്യങ്ങളുയര്‍ത്തി നിയമത്തിന്റെ വഴിയില്‍ നീങ്ങിയാല്‍തന്നെ ബാര്‍ തുറക്കാന്‍ അനുമതി നേടാമെന്ന വിശ്വാസവും ഉടമകള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. ഈയിടെയുള്ള കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഈ ആത്മവിശ്വാസം. അതിനിടെ, മാണിക്കെതിരെ മാത്രം ആരോപണം ഉന്നയിച്ചതില്‍ അതൃപ്തരായ മൂന്നാമതൊരു വിഭാഗവും രൂപപ്പെട്ടിട്ടുണ്ട്.
ബാര്‍ ഉടമകളുടെ ആരോപണത്തിന്റെ മുനയൊടിഞ്ഞതോടെ സര്‍ക്കാരും ആത്മവിശ്വാസത്തിലായി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമെല്ലാം മാറിമാറി തെളിവ് ഹാജരാക്കാന്‍ ബാറുടമകളെ വെല്ലുവിളിക്കുന്നതും ഇതേ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ബാര്‍ വിഷയത്തിലായിരുന്നു അടിയെങ്കില്‍, ഇപ്പോള്‍ അടി ബാറിനുള്ളിലേക്ക് മാറിയിരിക്കുകയാണ്. സര്‍ക്കാറിനെ വളക്കുമെന്നും ഒടിക്കുമെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നവര്‍ സര്‍ക്കാറിന് മുന്നില്‍ വളഞ്ഞുകുത്തി നില്‍ക്കുന്ന കാഴ്ച നിലവിലുള്ളത്.
അടുത്ത് ചേരാനിരിക്കുന്ന സംഘടനയുടെ പൊതുസമ്മേളനത്തിലും ഈ വിഷയം ചൂടേറിയ ചര്‍ച്ചയാകും. പുതിയ സംഭവ വികാസങ്ങളോടെ, ബാര്‍ ഉടമകള്‍ പ്രഖ്യാപിച്ച അഞ്ചംഗ തെളിവ് ശേഖരണ സമിതിക്കും പ്രസക്തി നഷ്ടമാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha