പൂവാലശല്യം എതിര്‍ത്ത യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പൊള്ളലേല്‍പ്പിച്ചു; നടപടി എടുക്കാത്തതിന് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു
പൂവാല ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് ആക്രമണം. വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയ പൊള്ളലേല്‍പ്പിച്ചാണ് പൂവാലന്‍ ദേഷ്യം തീര്‍ത്തത്. കൈയ്ക്ക് സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍, എടക്കളത്തൂര്‍ സ്വദേശി സുജിത്തിന്റെ ഭാര്യ നീതു(18)വിനാണ് ആക്രമണം നേരിടേണ്ടി വന്നത്. കൈത്തണ്ടയിലും തൊണ്ടയിലും പൊള്ളലേല്‍പ്പിച്ചാണ് രണ്ടുപേര്‍ അടങ്ങിയ അക്രമി സംഘം നീതുവിനോട് ദേഷ്യം തീര്‍ത്തത്.
വീടിന്റെ പിന്‍വാതിലിലൂടെ കയറിയ രണ്ടുപേര്‍ അടുക്കളയിലെ തീയില്‍ ഇരുമ്പദണ്ഡ് പഴുപ്പിച്ച് പെണ്‍കുട്ടിയുടെ ഇടതുകൈതണ്ടയില്‍ വെച്ച് പൊള്ളിക്കുകയായിരുന്നു. മറ്റൊരാള്‍ സിഗരറ്റ് കത്തിച്ച് കഴുത്തിലും പൊള്ളലേല്‍പ്പിച്ചു. വീടിന്റെ വാതില്‍ കുറ്റിയിട്ട് വാ മൂടിപിടിച്ചായിരുന്നു പൊള്ളിച്ചത്. പോലീസില്‍ പരാതി നല്‍കുമോ എന്ന് ചോദിച്ചായിരുന്നു ഇവര്‍ നീതുവിനെ ആക്രമിച്ചത്. ഇവര്‍ പോയശേഷം പുറത്തുവന്ന് പെണ്‍കുട്ടി ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും രണ്ടുപേരും രക്ഷപെട്ടിരുന്നു.
ശനിയാഴ്ച ഉച്ചക്ക് നടന്ന സംഭവത്തില്‍ ഞായറാഴ്ച വൈകിയും പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ സംഘം പോലീസ് സ്‌റ്റേഷനിലെത്തി. സാഹിത്യകാരി സാറാ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി വേണുഗോപാലന്‍ എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
തൃശ്ശൂര്‍ കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യബസ്സിലെ കണ്ടക്ടര്‍ കുറച്ചു ദിവസമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.പെണ്‍കുട്ടി ഈ സംഭവം ഭര്‍ത്താവ് സുജിത്തിനോടു പറഞ്ഞു. ഇക്കാര്യം ചോദിക്കുന്നതിനിടെ കണ്ടക്ടറും സുജിത്തും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നീട് കുന്നംകുളത്ത് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ കണ്ടക്ടറുടെ പേരു പറഞ്ഞ് രണ്ടു യുവാക്കള്‍ ആക്രമിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി കുന്നംകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ശനിയാഴ്ച പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha