ബാര്‍ കോഴ, പാര്‍ട്ടിക്കും പള്ളിക്കും ബാര്‍ ഒരു വരുമാന സ്രോതസ്; പുറത്ത് വരുന്നത് ഗൂഢ ബന്ധങ്ങള്‍
2011 ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി കെ.എം. മാണി കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധവളപത്രം അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവെ ടി. എന്‍. പ്രതാപന്‍ എം.എല്‍.എ ഒരു പരാമര്‍ശം നടത്തി, പുതിയ ബാറിന് ലൈസന്‍സ് വാങ്ങാന്‍ പല കഴുകന്മാരും വട്ടമിട്ട് പറക്കുന്നു എന്ന്. കഴുകന്മാരുടെ പ്രലോഭനത്തില്‍ വീണുപോകരുതെന്ന് അദ്ദേഹം എക്സൈസ് മന്ത്രിക്ക് ഉപദേശവും നല്‍കി. പ്രതാപന്‍ പറയുന്ന മദ്യനിരോധമൊന്നും നടപ്പില്ളെന്ന് പറഞ്ഞ് ആദ്യം ചാടിയെഴുന്നേറ്റത് സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്നു. തന്റെ മണ്ഡലത്തില്‍, അതായത് പൂഞ്ഞാറില്‍ ബാര്‍ അനുവദിക്കണമെന്നാണ് അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടത്.
കേരളം കണ്ട ഏറ്റവും വലിയ അബ്കാരിയായിരുന്ന മണര്‍കാട് പാപ്പന്റെ പാലാ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന കേരളകോണ്‍ഗ്രസുകള്‍ക്ക് ബാറുകളെക്കുറിച്ച് പറയാന്‍ അവകാശമില്ളെന്ന് പറഞ്ഞാല്‍ പാപം കിട്ടും. മാണിഗ്രൂപ്പില്‍ ലയിക്കുന്നതിനുമുമ്പ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഉന്നത നേതാവും സാമ്പത്തികവിഭാഗം കൈകാര്യംചെയ്തിരുന്നതുമായ ആള്‍ക്ക് ഡസനോളം ബാറുകളുണ്ട്. എല്ലാ ബാറുകളും പൂട്ടിയാല്‍ കെ.എം. മാണിയുടെ അടുത്ത ബന്ധുക്കളായ രണ്ട് ബാര്‍ ഗ്രൂപ്പുകള്‍ കഷ്ടത്തിലാകും. പാലാ നഗരത്തിലെ ബ്ളൂമൂണ്‍ ഹോട്ടലില്‍നിന്നാണ് യൂത്ത്ഫ്രണ്ടുകാര്‍ രാഷ്ട്രീയം പഠിച്ചുതുടങ്ങുന്നത്. മാണിസാറിനെ കണ്ടാല്‍ എഴുന്നേറ്റ് വണങ്ങുന്ന ബാര്‍മുതലാളിമാര്‍ പാലായിലും പരിസരത്തും വേറെയും നിരവധിയുണ്ട്. പാരമ്പര്യമായി അബ്കാരി ബിസിനസ് നടത്തുന്ന മന്ത്രി അടൂര്‍ പ്രകാശിനുമുണ്ട് കഷ്ടപ്പാട്. സ്വന്തംപോലെ കരുതാവുന്ന ഒന്നുരണ്ടെണ്ണം അടക്കം ഒമ്പത് ബാറുകള്‍ അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നു. ഈ മന്ത്രിമാരെല്ലാംകൂടി ചേര്‍ന്നിരുന്നാണ് കേരളത്തിന്റെ മദ്യനയം ചര്‍ച്ചചെയ്യുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും എന്നോര്‍ക്കണം.
ബാറുകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് നിലപാടെടുക്കാന്‍ കാരണം കത്തോലിക്കാ സഭയുടെ സമ്മര്‍ദമാണെന്ന വാദമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മദ്യം നിരോധിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഭീകരമാണെങ്കിലും വിശ്വാസത്തെ തൊട്ടുകളിക്കാന്‍ പറ്റില്ലത്രെ. എന്നാല്‍, പാലാ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിലെ അംഗങ്ങളെ പരിശോധിക്കണം. 14 അംഗങ്ങളില്‍ 10 പേര്‍ പുരോഹിതരാണ്. ബാക്കിയുള്ള നാലില്‍ ഒരാള്‍ മണര്‍കാട് പാപ്പന്റെ അടുത്ത ബന്ധുവായ ബാര്‍ ഉടമയാണ്. കത്തോലിക്കാ സഭയുടെ പല ധര്‍മസ്ഥാപനങ്ങളുടെയും വരുമാന സ്രോതസ്സ് ബാര്‍ ഉടമകളാണെന്നത് മറച്ചുവെക്കാനും ആരും ആഗ്രഹിക്കുന്നില്ല. ബാറും പാറമടകളും സ്വന്തമായുള്ള തൊടുപുഴയിലെയും കോട്ടയത്തെയും പല ഗ്രൂപ്പുകളും കൈയയച്ച് സഹായിക്കുന്നതിനാലാണ് പല കത്തോലിക്കാ പള്ളികളും ഇത്ര മനോഹരമായി നിര്‍മിക്കാന്‍ കഴിയുന്നതെന്നാണ് പുരോഹിതര്‍ പറയുന്നത്.
ആരാധനാലയങ്ങള്‍ക്കു മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന വരുമാന സ്രോതസ്സാണ് ബാറുകള്‍.
ജില്ലാ തലത്തിലുള്ള നേതാക്കള്‍ ഉടമകളെ നേരിട്ട് കണ്ട് കവര്‍ കൈപ്പറ്റും. അതിനു താഴെയുള്ളവര്‍ കൗണ്ടറില്‍ എത്തി കിട്ടുന്നതും വാങ്ങി മടങ്ങും. ഒദ്യോഗിക യോഗങ്ങളും മറ്റും പാര്‍ട്ടി ഓഫിസുകളില്‍ നടത്തുന്ന നേതാക്കള്‍ പിന്നീട് ഒത്തുകൂടുന്നത് ബാര്‍ ഹോട്ടലുകളിലാണ്. പല ‘ഡീലുകളും’ ആ സമയത്ത് ഉറപ്പിക്കപ്പെടും. പിന്നീട് പാരയാകുമെന്ന് ഉറപ്പുള്ളവരുടെ ലീലാവിലാസങ്ങള്‍ കാമറയിലാക്കിവെക്കുന്ന പതിവും ബാര്‍ മുതലാളിമാര്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം മദ്യനിരോധത്തെക്കുറിച്ച് ചാനല്‍ചര്‍ച്ചയില്‍ വാചാലനായ പഴയൊരു എക്സൈസ് മന്ത്രിയുടെ വായടപ്പിക്കാന്‍ ബാര്‍ ഉടമകളുടെ നേതാവ് ഉപയോഗിച്ചതും ഈ തന്ത്രംതന്നെ. മദ്യനിരോധം പറയുന്നവര്‍ മദ്യപിക്കുന്ന ദൃശ്യം പുറത്തുവിടട്ടെ എന്ന ചോദ്യത്തിനുശേഷം മുന്‍ മന്ത്രിയെ കണ്ടവരില്ല. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളില്‍ ഒരാളും മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന വ്യക്തിയുടെ കുടുംബത്തിന്റെ കൈയില്‍ വിജയ് മല്യയെ നേരിടാന്‍തക്ക കെല്‍പുള്ള മദ്യഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ ഇരിക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ തെറ്റാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. പക്ഷേ, ഈ നേതാവ് കേന്ദ്രമന്ത്രിയായിരിക്കെയാണ് മല്യയുടെ ഗതികേട് തുടങ്ങിയത് എന്നത് യാദൃച്ഛികം മാത്രമാണെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.ബിജു രമേശിന്റെ ബന്ധുവും വൈപ്പിനിലെ പഴയ പ്രമുഖ അബ്കാരിയുമായിരുന്ന ചന്ദ്രസേനന്‍ വളര്‍ത്തിക്കൊണ്ടുവന്നയാളാണ് ഈ നേതാവിന്റെ കേരളത്തിലെ അടിത്തറ കാത്തുസൂക്ഷിക്കുന്നത്. മദ്യമേഖലകൊണ്ട് വളര്‍ന്ന ഇയാളും ചാനലുകളില്‍ മദ്യനിരോധം പ്രസംഗിക്കുന്നതില്‍ ഉടമകള്‍ക്ക് അമര്‍ഷമുണ്ട്.
വി.എം. സുധീരന്‍ന്റെ കടുത്ത നിലപാടാണ് മദ്യമേഖലയെ ഈ നിലയിലാക്കിയതെന്നതില്‍ ബാര്‍ ഉടമകള്‍ക്ക് സംശയമില്ല.
എം.എല്‍.എയായിരിക്കെ കുന്നത്തങ്ങാടി എന്ന കുഗ്രാമത്തിലെ ബാര്‍ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത സുധീരന്റെ അടുത്ത ബന്ധുക്കള്‍ ഏഴു വര്‍ഷം മുമ്പ് വരെ ബാര്‍ ഉടമകളായിരുന്നു. മന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവും ബാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അടുത്തകാലത്ത് പിന്മാറി. അന്തമാനിലെ വൈന്‍ ഷോപ്പുകള്‍ തിരുവനന്തപുരത്തെ വന്‍കിട ബാര്‍ഗ്രൂപ്പിന് സ്വന്തമാക്കാന്‍ കഴിഞ്ഞത് വക്കം പുരുഷോത്തമന്‍ അവിടെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആയിരുന്നപ്പോഴാണ്. വക്കത്തിനൊപ്പം അന്തമാന്‍ വിട്ട ഈ ഗ്രൂപ്പിന് ഇപ്പോള്‍ തിരുവനന്തപുരത്ത് നിരവധി ബാറുകളുണ്ട്. സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വന്നുപോയ അര ഡസനിലേറെപ്പേര്‍ കേരളത്തിലെ പ്രമുഖ അബ്കാരി മുതലാളിമാരുടെ മക്കളെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
മുമ്പ് കൊല്ലത്തുണ്ടായ വന്‍ മദ്യദുരന്തം അന്വേഷിച്ചുപോയ പ്രഗല്ഭരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു സ്പിരിറ്റ് ശേഖരത്തിന്റെഉടമയെ കണ്ട് ഞെട്ടി. കേരളം ഏറെ ബഹുമാനിച്ചിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ഉറ്റ ബന്ധുവാണ് സംശയത്തിന്‍െറ നിഴലിലായത്. അന്വേഷണം അവിടെ നിന്നു. അന്ന് വകുപ്പിന്റെ തലപ്പത്തുണ്ടായിരുന്നവരും അന്വേഷണം നടത്തിയവരുമൊക്കെ വന്‍ നേട്ടങ്ങളുണ്ടാക്കി മിണ്ടാതിരിക്കുന്നു. മണിച്ചനില്‍നിന്ന് മാസപ്പടിവാങ്ങിയെന്ന കേസില്‍ സി.പി.ഐ നേതാവ് ഭാര്‍ഗവി തങ്കപ്പനും സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രനുമൊക്കെ സംശയത്തിന്റെ നിഴലിലായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ പിന്നീട് വിജിലന്‍സ് കോടതി കുറ്റമുക്തരാക്കി.
( കടപ്പാട് മാധ്യമം)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha