എയര്‍ കേരളയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു, രാജ്യാന്തര വിമാന സര്‍വീസ് നിബന്ധനയില്‍ കേന്ദ്രം ഇളവു വരുത്താന്‍ സാധ്യത
രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്നതിനുള്ള നിബന്ധനയില്‍ കേന്ദ്രം ഇളവു വരുത്താന്‍ സാധ്യത. ഏറ്റവും കൂടുതല്‍ മലയാളികളുള്ള ഗള്‍ഫ് മേഖലയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ച എയര്‍ കേരള പദ്ധതിക്കു പുത്തനുണര്‍വു നല്‍കുന്ന നീക്കമാണിത്. കേന്ദ്ര മന്ത്രിസഭയും കൂടി അനുമതി നല്‍കിയാല്‍ വ്യോമയാന മേഖലയില്‍ അടുത്ത കാലത്തുണ്ടാകുന്ന ഏറ്റവും വലിയ നയവ്യതിയാനമായിരിക്കും ഇത്.
കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വിമാന കമ്പനിയുടെ പ്രേയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക ഗള്‍ഫ് മലയാളികള്‍ക്കാണ്. കുറഞ്ഞ നിരക്കില്‍ വിമാന സര്‍വ്വീസ് യാഥാര്‍ത്യമാകുമെന്ന പ്രവാസികളുടെ ചിരകാല സ്വപ്‌നമാണ് കേന്ദ്രാനുമതിയോട് കൂടി സഫലമാകാന്‍ പോകുന്നത്
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കേരളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യാന്തര വിമാന കമ്പനി രൂപീകരിക്കാന്‍ മുന്നോട്ടു വന്നത്. എന്നാല്‍, അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയ അനുഭവജ്ഞാനവും സ്വന്തമായി 20 വിമാനങ്ങളുമില്ലാതെ രാജ്യാന്തര സര്‍വീസ് അനുവദിക്കാനാവില്ലെന്നായിരുന്നു മുന്‍കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പലവുരു കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ഇളവു നല്‍കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തയാറായില്ല. ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധി കാട്ടരുതെന്നും മുന്‍ വ്യോമയാന മന്ത്രി അജിത് സിങ് സംസ്ഥാനത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു
ഇതേസമയം, രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്നതിനുള്ള രണ്ടു പ്രമുഖ നിബന്ധനകളും എടുത്തുകളയേണ്ടതാണെന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ കരടു വ്യോമയാന നയം പുറത്തിറക്കിയ മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു കേന്ദ്ര മന്ത്രിസഭയാണ്. എങ്കിലും വ്യോമയാന മന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശമായിരിക്കും കേന്ദ്ര മന്ത്രിസഭയ്ക്കു വഴികാട്ടിയാവുകയെന്നു മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha