തീരാവേദനയായി ഒരു മരണം, കാണൂ ഈ മാതാപിതാക്കളെ...
റോജിയുടെ മരണം സ്വന്തം വേദനയായി മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സംസാര ശേഷിയില്ലാത്ത മാതാപിതാക്കളുടെ ശബ്ദമായി തീരേണ്ട മകളുടെ ജീവിതം തല്ലിക്കെടുത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഈ അച്ഛനും അമ്മയ്ക്കും നീതി ലഭിക്കാനായി നവംബര്‍ 16ന് കരിങ്കൊടി പ്രതിഷേധത്തിനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയക്കൂട്ടായ്മ.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നില്‍ നിന്ന റോജി നാടിനു തന്നെ ഒരു മാലാഖയാണ്. കൊല്ലം പുത്തൂരുള്ള റോജിയുടെ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും അവള്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അമ്മയെയും അച്ഛനെയും അനുജനെയും അകറ്റി നിര്‍ത്തി മരണത്തിലേക്ക് പോകാന്‍ ഒരിക്കലും റോജിക്കാവില്ല എന്ന് അവളുടെ പ്രിയപ്പെട്ടവര്‍ വിലപിക്കുന്നു. ഈ തേങ്ങലാണ് പ്രതിഷേധാഗ്നിയായി സോഷ്യല്‍ മീഡിയയില്‍ കത്തുന്നത്.
റോജിയുടെ മരണത്തിന്റെ നിജസ്ഥിതിയറിയാന്‍ അവളുടെ പേരില്‍ ഒരു പ്രൊഫൈലുണ്ടാക്കിയാണ് ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. ആറായിരത്തിലധികം പേരുടെ പിന്തുണയോടെയാണ് ഈ കൂട്ടായ്മ കിംസ് ആശുപത്രിക്കു മുന്നില്‍ പ്രതിഷേധത്തിനു തയാറെടുക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ചെറിയ വാര്‍ത്തയില്‍ മാത്രം ഒതുക്കിയിരുന്നു റോജിയുടെ മരണം. ഇതിനെതിരെയാണ് ഫേസ്ബുകക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ പ്രതിഷേധിക്കുന്നത്.
നവംബര്‍ ആറിനാണ് തിരുവനന്തപുരം കിംസ് ആശുപത്രി നഴ്‌സിങ് കോളെജിന്റെ പത്താം നിലയില്‍ നിന്ന് റോജി റോയി എന്ന 19കാരി വീണു മരിച്ചത്. മരണത്തിനു തൊട്ടു പിന്നാലെ എഴുതിത്തയാറാക്കിയ തിരക്കഥപോലെ ആശുപത്രി അധികൃതര്‍ പ്രസ്ഥാവനകള്‍ നടത്തിയതാണ് റോജിയുടെ മരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സോഷ്യല്‍ മീഡിയയെ പ്രേരിപ്പിച്ചത്.
ജൂനിയര്‍ വിദ്യാര്‍ഥിനികളെ റാഗ് ചെയ്തു എന്നു വരുത്തി തീര്‍ത്ത് റോജിയുടെ മരണം ആത്മഹത്യയാക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് അവളുടെ ബന്ധുക്കളുടെ ആരോപണം. കോളേജ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം റോജിയുടെ സുഹൃത്തുക്കള്‍ നിരസിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കാന്‍ റോജിയുടെ ബന്ധുക്കള്‍ തീരുമാനിച്ചത്.
അതെസമയം, ആശുപത്രി അധികൃതര്‍ പറയുന്നതുപോലെ റാഗിംഗ് നടത്തി മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ള സ്വഭാവമായിരുന്നില്ല റോജിയുടേത് എന്ന് അവളുടെ സ്‌കൂള്‍ അധ്യാപകരും സുഹൃത്തുക്കളും പറയുന്നു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കിയാണ് റോജി. ഈ വിജയങ്ങള്‍ക്കെല്ലാം റോജിക്കു കിട്ടിയ സമ്മാനങ്ങള്‍ നോക്കി കണ്ണു നനയ്ക്കാനല്ലാതെ അവളുടെ അച്ഛന്‍ റോയി ജോര്‍ജിനും അമ്മ സജിതയ്ക്കും മറ്റൊരു മാര്‍ഗവുമില്ല. സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആ മാതാപിതാക്കള്‍ ആഗ്രഹിച്ച സമയമാണിത്. തങ്ങളുടെ പൊന്നുമോള്‍ക്ക് വന്ന ഗതി ഇനിയാര്‍ക്കും ഉണ്ടാകരുതേയെന്ന് അവര്‍ നിശബ്ദമായി പ്രാര്‍ഥിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha