നൂറിന്റെ നിറവില്‍...ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ജന്മദിനാശംസകള്‍
കേരളം കണ്ട ഏറ്റവും മികച്ച നിയമപ്രതിഭ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് ഇന്ന് നൂറാം പിറന്നാള്‍. ജന്മശതാബ്ദി ദിവസം അതിഗംഭീരമാക്കാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പൗരാവലിയും. രാവിലെ സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. .
രാവിലെ പത്തരയ്ക്ക് കൃഷ്ണയ്യരുടെ കൊച്ചിയിലെ വീടായ സദ്ഗമയയില്‍ നടക്കുന്ന മാനവികതാ സൗഹൃദ ചടങ്ങ് ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് മുഖ്യാതിഥി. ജസ്റ്റിസ് കൃഷ്ണയ്യരുടെ പേരിലുള്ള ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും മറ്റ് പരിപാടികളും ചടങ്ങില്‍ നടക്കും. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ കൊച്ചിയിലെ വീട്ടിലെത്തി കൃഷ്ണയ്യര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.
1915 നവംബര്‍ 15-നു പാലക്കാട് വൈദ്യനാഥപുരത്താണ് രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന ജസ്റ്റിസ് ജനിച്ചത്. അഭിഭാഷകനായിരുന്ന വി.വി രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനാണ്. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ബിരുദവും സമ്പാദിച്ച അദ്ദേഹം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്. 1938-ല്‍ മലബാര്‍- കൂര്‍ഗ് കോടതികളില്‍ അഭിഭാഷക ജീവിതം ആരംഭിച്ചു.
കമ്യൂണിസ്റ്റുകള്‍ക്കു നിയമസഹായം നല്‍കി എന്ന കേസില്‍ 1948-ല്‍ ഒരു മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1952 -ല്‍ കൂത്തുപറമ്പില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1957 -ല്‍ തലശേരിയില്‍ നിന്നും വിജയിച്ച ജസ്റ്റിസ് ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായി. നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹികക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
1968ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1970 -ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ മെമ്പര്‍. 1973 -ല്‍ സുപ്രീം കോടതി ജഡ്ജിയായി. അദ്ദേഹത്തിന്റെ വിധികള്‍ പലതും രാജ്യം ചര്‍ച്ച ചെയ്തു. വിധിന്യായങ്ങളില്‍ പലതും നിയമപുസ്തകങ്ങളുമായി. 1980ലാണ് അദ്ദേഹം വിരമിച്ചത്. എഴുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൂന്നു സര്‍വകലാശാലകളില്‍ നിന്ന് ഡോക്റ്ററേറ്റ് ലഭിച്ച അദ്ദേഹത്തിന് 1999ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha