സെന്‍ട്രല്‍ ജയിലില്‍ സ്ത്രീ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്
ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ സ്ത്രീ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്. ജയില്‍ വാര്‍ഡന്‍മാര്‍ വനിതാ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നെന്ന് ആരോപിച്ച് അന്തേവാസികള്‍ എഴുതിയതെന്ന് തോന്നിപ്പിക്കുന്ന രണ്ട് കത്തുകളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജി ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഹൈകോടതിയുടെ വിലാസത്തിലുള്ള കത്ത് ജയിലില്‍ പരിധിയിലുള്ള കോടതിയുടെ പരാതി പെട്ടിയില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഇത് കണ്ട ഒരു ജഡ്ജി കത്ത് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.
കന്നഡയിലാണ് കത്തെഴുതിയിരിക്കുന്നത്. വാര്‍ഡന്മാര്‍ പുരുഷ തടവുകാരില്‍ നിന്ന് 300 മുതല്‍ 500 രൂപ വരെ വാങ്ങിയാണ് വേശ്യാ വൃത്തിക്ക് നിര്‍ബന്ധിക്കുന്നതെന്നും വാര്‍ഡന്‍മാരുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ പരോള്‍ പോലും അനുവദിക്കാറില്ലെന്നും കത്തില്‍ ആരോപണമുണ്ട്. ഭീഷണിപ്പെടുത്തിയും ബലാല്‍കാരമായുമാണ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതെന്നും വിസമ്മതിച്ചാല്‍ ബന്ധുക്കളെ കാണാന്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ പ്രത്യേകം വേര്‍തിരിച്ച മുറികളിലാണ് വനിതാ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്ന രണ്ടു ജയില്‍ വാര്‍ഡന്‍മാരെ അഞ്ചുമാസം മുമ്പ് സ്ഥലം മാറ്റിയതാണെന്നും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ജയിലിലെ ലൈംഗികചൂഷണം സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡി.ഐ.ജിയുടെ പ്രതികരണം. പരാതി ലഭിച്ചാല്‍ വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha