കുട്ടികളുടെ ഭാവിയെക്കരുതി...ക്രമവിരുദ്ധമായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളില്‍ പഠനം തുടരാമെന്ന് സുപ്രീം കോടതി
സംസ്ഥാന സര്‍ക്കാര്‍ ക്രമവിരുദ്ധമായി പ്ലസ് ടു അനുവദിച്ചതിന്റെ പിന്‍ബലത്തില്‍ പ്രവേശനം നടത്തിയ പത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്നും അദ്ധ്യയനവര്‍ഷം നഷ്ടപ്പെടുത്താതെ അവരെ പരീക്ഷ എഴുതിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ അനുവദിച്ചതില്‍ 285 ബാച്ചുകള്‍ ഹൈക്കോടതി റദ്ദാക്കുന്നതിന് മുന്‍പ് പ്രവേശനം നടത്തുകയും പിന്നീട് കോടതി റദ്ദാക്കുകയും ചെയ്ത പത്ത് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടികളുടെ ഭാവിയെക്കരുതിയാണ് വിധിയെന്നും അധികബാച്ച് അനുവദിക്കുന്നതായി കണക്കാക്കേണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഈ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ശമ്പളം മാനേജ്‌മെന്റുകള്‍ വഹിക്കണം. പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് നാലു മാസത്തിനകം പൂര്‍ത്തിയാക്കണം. അധിക ബാച്ചുകള്‍ ലഭിക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഈ ഉത്തരവ് ഉപയോഗിക്കാന്‍ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ചില സ്‌കൂളുകള്‍ക്ക് വേണ്ടി ഹൈക്കോടതി വിധി മറികടന്നാല്‍ കൂടുതല്‍ സ്‌കൂളുകള്‍ ഇതേ ആവശ്യവുമായി എത്തുമെന്ന് സ്റ്റാന്‍ഡിംഗ് കൊണ്‍സില്‍ എം.ആര്‍. രമേശ് ബാബു വാദിച്ചു. ക്ലാസ് തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെന്നും പരീക്ഷയ്ക്ക് വിജ്ഞാപനം പുറത്തിറക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കരുത്. ഹൈക്കോടതി കേസില്‍ അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. അടുത്ത തവണ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ഈ സ്‌കൂളുകളുടെ കാര്യം പരിഗണിക്കുമെന്നും അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുകയായിരുന്നു.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍. സതീഷിന്റെ അദ്ധ്യക്ഷതയില്‍ സീമാറ്റ് ഡയറക്ടര്‍ ഡോ. ഇ. വത്സലകുമാര്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഡോ.കെ. മോഹനകുമാര്‍, ഡോ.പി.എ. സാജുദ്ദീന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ദ്ധസമിതി നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ്, ക്രമവിരുദ്ധമായി പ്ലസ്ടു ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി സര്‍ക്കാര്‍ അനുവദിച്ച 700 ബാച്ചുകളില്‍ 285ഉം റദ്ദാക്കിയിരുന്നു. ഈ വിധി പിന്നീട് ഡിവിഷന്‍ ബെഞ്ചും ശരിവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha