അട്ടിമറി? ചാല തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വൈദ്യുതി വകുപ്പ്; പിന്നെന്ത്? തീപിടുത്ത അന്വേഷണങ്ങള്‍ എങ്ങുമെത്താത്തതെന്തുകൊണ്ട്?
ചാല മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതാന്‍ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍. തീ ആദ്യം കണ്ടെത്തിയ ലൗലി ഷോപ്പില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന നിഗമനം വൈദ്യുതി വകുപ്പ് സ്ഥിരീകരിച്ചതോടെ സംഭവത്തിന്റെ ദുരൂഹത ചര്‍ച്ച ചെയ്യപ്പെടുകയാണ്.
സ്വിച്ച് ബോര്‍ഡുകളിലൊന്നും തീ പടര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് വൈദ്യുതി വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. എല്ലാ കെട്ടിടങ്ങളിലും സ്വിച്ച് ബോര്‍ഡും മറ്റുമുള്ള സ്ഥലങ്ങളിലാണ് സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നത്. അതിനാല്‍ പരിശോധനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ മനപൂര്‍വം ഉടമകള്‍ തീയിട്ടതാണോ എന്ന സംശയവും ബലപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ നിരവധി നടക്കുന്നതിനാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇക്കാര്യവും പോലീസ് അന്വേഷണ പരിധിയിലുണ്ട്.
തീപിടുത്തത്തില്‍ രണ്ടു കോടി രൂപയുടെ പ്രാഥമിക നഷ്ടം കണ്ടെത്തിയതായി തഹസിദാര്‍ ശശികുമാര്‍ അറിയിച്ചു. ഏഴ് കടകളാണ് കത്തിനശിച്ചത്. ഇതില്‍ ഒരെണ്ണം സ്വന്തം ഉടമസ്ഥതയിലുള്ളതും ആറെണ്ണം വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നതുമാണ്. തീപിടുത്തം കണ്ട് കുഴഞ്ഞുവീണു മരിച്ചയാളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തീപിടുത്ത അന്വേഷണങ്ങള്‍ എങ്ങുമെത്തുന്നില്ല, പരസ്പരം പഴിചാരി പൊലീസും ഫൊറെന്‍സികും
തലസ്ഥാനത്ത് നടന്ന തീപിടുത്തങ്ങളുടെ അന്വേഷണങ്ങള്‍ എങ്ങുമെത്തുന്നില്ല എന്നത് വസ്തുതയാണ്. കാരണം അന്വേഷിക്കുമ്പോള്‍ പൊലീസും ഫൊറന്‍സികും പരസ്പരം പഴിചാരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ള കാലതാമസമാണ് അന്വേഷണം വൈകുന്നതെന്ന് പൊലീസ് . അടിയന്തിര സ്വഭാവമുള്ള കേസുകള്‍ക്ക് വേഗത്തില്‍ റിപ്പോര്‍ട്ട് ആവശ്യമെങ്കില്‍ കത്ത് കൊടുത്താല്‍ ആ കേസ് പരിഗണിക്കുമെന്ന് ഫൊറെന്‍സിക് അധികൃതര്‍. എന്നാല്‍ അത്തരത്തില്‍ കത്തുകള്‍ അടുത്തെങ്ങും കിട്ടിയിട്ടില്ലെന്ന് ഫോറന്‍സിക് അധികൃതര്‍. 2009 മുതലുള്ള തീപിടുത്ത കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. വിശദമായ പരിശോധനയ്ക്ക് കാലതാമസം നേരിടാറുണ്ടെന്ന് ഫൊറെന്‍സിക് അധികൃതര്‍. പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ തീപിടുത്തം, പാളയം മാര്‍ക്കറ്റിലെ തീപിടുത്തം, ചാല മാര്‍ക്കറ്റില്‍ മുമ്പുണ്ടായ തീപിടുത്തം എന്നിവയുടെ റിപ്പോര്‍ട്ട് ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
തീപിടുത്തം നടക്കുമ്പോള്‍ പ്രാഥമിക അന്വേഷണങ്ങള്‍ വിശദമായി നടത്താറുണ്ടെന്ന് പൊലീസ്. എന്നാല്‍ ഫൊറെന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കു.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം നടന്ന തീപിടുത്തത്തിന്റെ കാരണം പോലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അജ്ഞാതം. തെളിവുകള്‍ കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു തുടങ്ങിയിട്ട് നാളുകളായി.
ചാല മാര്‍ക്കറ്റില്‍ ഇതിനു മുമ്പ് ചെറുതും വലുതുമായ പല തീപിടുത്തങ്ങളും നടന്നിട്ടുണ്ട്. കോടികളുടെ നാശ നഷ്ടം നേരിട്ടിട്ടും ഇതുവരെ അന്വേഷങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. അട്ടക്കുളങ്ങര മാര്‍ക്കറ്റിലും പാളയത്തും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ തീപിടുത്തങ്ങള്‍ എല്ലാം നടന്നശേഷം സ്ഥലം സന്ദര്‍ശിക്കുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എത്രയും വേഗം കാരണം തെളിയിക്കുമെന്ന് ഉറപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഒരുറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha