പീഡനക്കഥ പറഞ്ഞ് പഠിപ്പിച്ചത് പോലീസ് ക്ലബില്‍ വച്ച്... ഉന്നതരുടെ മക്കളെ രക്ഷിക്കാന്‍ പട്ടിണിക്കാരനായ എന്നെ അവര്‍ കുറ്റക്കാരനാക്കി...
പാറക്കടവ് ദൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് ക്ലീനറായ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ തൂവ്വക്കുന്ന് സ്വദേശിയായ കല്ലിക്കണ്ടി പാറമ്മല്‍ മുനീര്‍(19) സഹിച്ചത് പീഡനത്തിന്റേയും അപമാനത്തിന്റേയും നാളുകളായിരുന്നു. നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് മുനീറിനെ പോലീസ് പിടികൂടിയത്. യഥാര്‍ത്ഥ കുറ്റക്കാരെ കിട്ടാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌കൂളിലെ ബസ് ക്ലീനറായ മുനീറിനെ പിടികൂടി പ്രതിയാക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് പാറമ്മല്‍ മുനീര്‍ പറഞ്ഞു.
പ്രായം ചെന്ന മാതാപിതാക്കളേയും നാല് സഹോദരിമാരേയും സംരക്ഷിക്കുന്നതിനായിട്ടാണ് താന്‍ സ്‌കൂള്‍ ബസില്‍ ക്ലീനറായി ജോലിക്ക് കയറിയത്. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടു മാത്രമാണ് താനുള്‍പ്പടെ ഏഴംഗങ്ങളുടെ വിശപ്പടക്കാന്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് തന്നെ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുനീര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കുട്ടികളെയെല്ലാം തിരിച്ചയച്ച് സ്‌കൂളില്‍ തിരിച്ചെത്തിയശേഷം വീട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂള്‍ ജീവനക്കാരില്‍ ഒരാളാണ് തന്നെ മൊബൈല്‍ ഫോണില്‍ തിരിച്ചു വിളിച്ചത്. സ്‌കൂള്‍ ബസ് കഴുകാനുണ്ടെന്നും അതിന് പ്രത്യേകം പണം തരാമെന്നും പറഞ്ഞാണ് വിളിപ്പിച്ചത്. സ്‌കൂളിലെ ഓഫീസിലെത്തിയപ്പോള്‍ അവിടെ തന്നെ കാത്ത് രണ്ടുപേര്‍ നിന്നിരുന്നു. അവര്‍ക്കൊപ്പം പോകാനാണ് തന്നോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് നാദാപുരം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
സംഭവം എന്താണെന്ന് പോലും പറയാതെയാണ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെവച്ച് സ്‌കൂളില്‍ നടന്ന സംഭവം അറിയാമല്ലോ പീഡനത്തിനിരയായ കുട്ടി നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് കുട്ടിയെ പീഡിപ്പിച്ച കുറ്റം ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് വിവസ്ത്രനാക്കി തോര്‍ത്തുകൊണ്ട് കൈ പിറകിലേക്ക് കെട്ടി പോലീസ് ക്രൂരമായി മര്‍ദിച്ചു. മര്‍ദനം അസഹ്യമായപ്പോഴാണ് കുറ്റം ഏറ്റെടുക്കാമെന്ന് അറിയിച്ചത്. ഇതേതുടര്‍ന്നാണ് മര്‍ദനം നിര്‍ത്തിയത്.
തുടര്‍ന്ന് പോലീസ് പറഞ്ഞു തന്നത് തന്നെകൊണ്ട് പലവട്ടം ആവര്‍ത്തിച്ചു പറയിപ്പിച്ചു. രാത്രി 10.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പോലീസുകാര്‍ തന്നെയാണ് പീഡനത്തെ സംബന്ധിച്ചുള്ള കഥ പറഞ്ഞുതന്നത്. ബാത്ത്‌റൂമിലേക്ക് വരികയായിരുന്ന രണ്ടു കുട്ടികളില്‍ ഒരാളെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് മുറിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പറയണമെന്ന് പഠിപ്പിച്ചു. ഇന്നലെ രാവിലെ ഇത് വീണ്ടും പറഞ്ഞുതന്നു. അതിനുശേഷം ഇക്കാര്യം വീഡിയോയില്‍ പകര്‍ത്തി.
തന്നെ മര്‍ദ്ദിച്ച പോലീസുകാരെ തനിക്ക് അറിയാം. ഇവര്‍ പരസ്പരം പേര് വിളിക്കുന്നത് കേട്ടാണ് മനസിലാക്കിയത്.പോലീസ് നടത്തിയ തിരിച്ചറിയലില്‍ തന്നെയും ഹാജരാക്കിയിരുന്നു. എന്നാല്‍ താന്‍ പീഡിപ്പിച്ചതായി കുട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. താനിത്തരത്തിലൊരു കൃത്യം ചെയ്തിട്ടില്ല. പ്രായമായ മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും താന്‍ മാത്രമേയുള്ളു. അവരുടെ വിശപ്പടക്കുന്നതിനായിട്ടാണ് തുച്ഛമായ വരുമാനമാണെങ്കിലും ക്ലീനര്‍ ജോലിക്ക് പോകുന്നത്. മുനീര്‍ പറയുന്നു.
അതേസമയം കുറ്റക്കാരാണെന്നു കണ്ട മദ്രസയില്‍ പഠിക്കുന്ന രണ്ടു പേരെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha