വീണ്ടും മോഡിയുടെ വഴിയേ… പാചക വാതക സിലിണ്ടറിന് സബ്‌സിഡി വേണ്ടെന്ന് വച്ച് അബ്ദുള്ളക്കുട്ടി മാതൃകയാകുന്നു
സിപിഎമ്മിലായിരുന്ന സമയത്ത് മോഡിയുടെ ഗുജറാത്ത് വികസനത്തിന്റെ പേരില്‍ ഏറെ പഴികേട്ട എപി അബ്ദുള്ളക്കുട്ടി എംഎല്‍എ വീണ്ടും മോദിയുടെ വഴിയേ…
പ്രധാനമന്ത്രിയുടെ സ്വച് ഭാരത് മിഷനെ ശശി തരൂര്‍ പിന്തുണച്ചതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരാഹ്വാനം അനുസരിച്ച് കൊണ്ട് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി ഉപേക്ഷിച്ച് രാജ്യത്തിന്റെ സമ്പദ് ഘടനയെ സഹായിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനം അബ്ദുള്ളക്കുട്ടി ഏറ്റെടുത്തു.
വീട്ടിലെ പാചക വാതക സിലിണ്ടറിന് സബ്‌സിഡി വേണ്ടെന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ രേഖാമൂലം എഴുതിക്കൊടുത്തു. എംഎല്‍എ എന്ന നിലയില്‍ തന്റെയും, ഡോക്ടറായ ഭാര്യയുടെയും വരുമാനം വച്ചു നോക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറൊന്നിന് 500 രൂപ അധികം നല്‍കേണ്ടി വരുന്നതു കാര്യമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നില്ല. ആ തുക തന്നേക്കാള്‍ അര്‍ഹനായ ഏതെങ്കിലും ഉപഭോക്താവിനു സബ്‌സിഡിയായി ലഭിക്കട്ടെയെന്നാണു തന്റെ നിലപാട് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സര്‍ക്കാരില്‍ നിന്നു സബ്‌സിഡി കിട്ടേണ്ടതു തന്നെപ്പോലുള്ളവര്‍ക്കല്ല, ചാണകം കത്തിച്ചും മറ്റും പാചകം ചെയ്യുന്ന കോടിക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ്.
അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഡോ. റോസിനയുടെ പേരിലാണു വീട്ടിലെ ഗ്യാസ് കണക്ഷന്‍.
സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി ത്യജിച്ചു മാതൃക കാട്ടണമെന്ന് എണ്ണക്കമ്പനികള്‍ മൂന്നു മാസം മുമ്പാണു പ്രചാരണം തുടങ്ങിയത്. രാജ്യത്തെ 15 കോടി ഗ്യാസ് ഉപഭോക്താക്കളില്‍ ഒരു കോടി പേരെയെങ്കിലും സബ്‌സിഡി ത്യജിക്കാന്‍ പ്രേരിപ്പിക്കാമെന്നാണു കമ്പനി കണക്കു കൂട്ടിയതെങ്കിലും മൂന്നു മാസം കൊണ്ട് ഒന്‍പതിനായിരത്തോളം ആളുകള്‍ മാത്രമാണു സബ്‌സിഡി ഉപേക്ഷിക്കാന്‍ തയാറായത്. അതില്‍ തന്നെ വലിയൊരു ശതമാനവും എണ്ണക്കമ്പനി ഉദ്യോഗസ്ഥരാണ്.
സിലിണ്ടറൊന്നിന് ഉപഭോക്താവു നല്‍കുന്ന തുകയേക്കാള്‍ കൂടുതലാണു കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി വരുന്നത്. അമ്പതിനായിരം കോടി രൂപയോളമാണു പ്രതിവര്‍ഷം സബ്സിഡി നല്‍കാന്‍ വേണ്ടി വരുന്നതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha