ബാര്‍കേസ്; സര്‍ക്കാര്‍ ബാറുകാരുമായി ഒത്തുകളിക്കുന്നു, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് തടയാന്‍ ഇതുവരെ അപ്പീല്‍ പോയില്ല
ബാര്‍ കേസില്‍ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും വിധി വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും വിധിക്കെതിരെ ഇതുവരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ല. ഫോര്‍ സ്റ്റാറുകള്‍ക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഈ മാസം നാലാം തീയതി അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
കെ.എം മാണിക്കെതിരായ കോഴയാരോപണം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ബാര്‍ കേസുകളില്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഡിവിഷന്‍ ബെഞ്ച് ബാറുടമകളുടെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാനെടുത്താലും സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കാന്‍ സാധ്യതയില്ല. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായി. ബാറുകള്‍ക്കനുകൂലമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് അമര്‍ഷമുണ്ട്. ഇപ്പോള്‍ നടക്കുന്ന ജനപക്ഷയാത്രയില്‍ വിഎം സുധീരന്‍ ബാറുകള്‍ അടച്ചുപൂട്ടുമെന്നും ബാര്‍ തുറക്കുന്നതിനെതിരെ അപ്പീല്‍പോകുമെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നടപടി ബാര്‍കോഴ ഒതുക്കിതീക്കാനുള്ള അടവാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നത്.
കഴിഞ്ഞ മാസം മുപ്പതിനാണ് സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വന്നത്. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ പൂട്ടണമെന്ന മദ്യനയത്തിലെ നിര്‍ദേശം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് പരിശോധിക്കുമെന്ന് ആദ്യപ്രതികരണത്തിലും, അപ്പീല്‍ നല്‍കുമെന്ന് തുടര്‍പ്രതികരണങ്ങളില്‍ പലയാവര്‍ത്തിയും എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha