വിഎസിന്റെ കുറ്റപത്രം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി; പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്താന്‍ സമ്മതിക്കില്ല
സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ച കുറ്റപത്രം സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസിന്റെ സാന്നിധ്യത്തില്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു തള്ളി. വി.എസിന്റെ വാദമുഖങ്ങള്‍ വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് പൂര്‍ണമായും നിരാകരിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള കൂടി പങ്കെടുത്ത യോഗത്തിന്റെ നിഗമനങ്ങള്‍ പിബിക്ക് അയക്കും. എന്നാല്‍ സെക്രട്ടേറിയറ്റിനുശേഷം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമായില്ല.
അടവുനയ രേഖ ചര്‍ച്ചചെയ്ത കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസിന്റെ വിവാദ കുറിപ്പ് പരിഗണനയ്ക്കു വന്നിരുന്നു. സംസ്ഥാന നേതൃത്വം പാര്‍ട്ടിയുടെ ആശയ, സംഘടനാ നയങ്ങളില്‍നിന്നു വ്യതിചലിച്ചു നീങ്ങുന്നു എന്നതായിരുന്നു അതിന്റെ കാതല്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പാര്‍ട്ടിയുടെ പങ്കായിരുന്നു ഒരു വിഷയം.
എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെയും ആര്‍എസ്പിയെയും എല്‍ഡിഎഫില്‍നിന്നു സിപിഎം പുറത്തു ചാടിക്കുകയായിരുന്നെന്ന ആക്ഷേപവും ഉന്നയിച്ചു. കെ.എം. മാണിയോടു സംസ്ഥാന നേതൃത്വം മൃദു സമീപനം കാണിക്കുന്നതിനാലാണു സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നു മറ്റൊരു കത്തിലൂടെയും ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് വി.എസിന്റെ പരാതി ഇവിടെ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനോടു പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത്. വി.എസ്. ഉന്നയിച്ച പല വിഷയങ്ങളും നേരത്തേ അദ്ദേഹം തന്നെ ഭിന്നാഭിപ്രായം ഉന്നയിച്ചതുകൂടി കണക്കിലെടുത്തു ചര്‍ച്ച ചെയ്തു വ്യക്തത വരുത്തിയതാണെന്നു സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ഔദ്യോഗിക നേതൃത്വത്തിനു മൃഗീയ ഭൂരിപക്ഷമുള്ള സെക്രട്ടേറിയറ്റിനെ തിരുത്താന്‍ കഴിയില്ലെന്നു കണ്ട് ആ സെക്രട്ടേറിയറ്റിനെതിരെ കൂടിയാണു വി.എസ്. പലപ്പോഴും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പരാതികള്‍ അതേ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് അയക്കാന്‍ പിബി മുതിര്‍ന്നിരിക്കുന്നു. ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്നു സിപിഐയെക്കൂടി കൂട്ടുപിടിച്ചു നീങ്ങുകയാണു വി.എസ് എന്ന പരാതി സിപിഎം നേതൃത്വത്തിനുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തില്‍ അച്യുതാനന്ദനെ ഉള്‍ക്കൊണ്ടു നീങ്ങാന്‍ ശ്രമിക്കുമെങ്കിലും കലാപക്കൊടി ഉയര്‍ത്താന്‍ സമ്മതിക്കില്ലെന്നാണു നേതൃത്വത്തിന്റെ മനോഭാവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha